03 October, 2026 12:55:52 PM
പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ട് പോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ട എന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്. മുസ്‌ലിം ലീഗിലെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയെന്നാണ് സൂചന. കൂടുതല്‍ നടപടികള്‍ സ്വീകരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കേണ്ട എന്നാണ് തീരുമാനം. നിലവില്‍ അനാവശ്യമായി നിരവധി വിവാദങ്ങള്‍ ഉണ്ടായി. നിലപാട് എടുത്തെ മതിയാകൂ എന്ന് നിര്‍ബന്ധിത സാഹചര്യം വരുന്നെങ്കില്‍ മാത്രം തുടര്‍നടപടിയുണ്ടാകും. ഉപസമിതി ചേരുന്നത് അടക്കമുള്ള കാര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
വലിയ വിവാദങ്ങളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഉണ്ടായ ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു അനൗദ്യോഗിക തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തുന്നത്. എംഎസ്എഫ് മുതല്‍ ലീഗ് വരെ എല്ലാ തലങ്ങളിലും വലിയ രാഷ്ട്രീയ വിയോജിപ്പുകള്‍ പദ്ധതിയില്‍ നിലനില്‍ക്കുകയാണ്. നിലപാടിലെ അസ്ഥിരത വോട്ട് ചെയ്ത ജനങ്ങളില്‍ ആശയക്കുഴപ്പത്തിന് കാരണമാകും എന്നാണ് ലീഗിലെ വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ മന്ത്രി എന്‍ ഷംസുദ്ദീന്‍ ഇതില്‍ മൗനം പാലിച്ചു എങ്കിലും പിന്നീട് പദ്ധതിയില്‍ തല്‍കാലും തീരുമാനങ്ങള്‍ ഒന്നും വേണ്ട എന്ന നിലപാടിലേക്ക് എത്തുകയായിരുന്നു.
കരിക്കുലത്തില്‍ മാറ്റം വരുത്താന്‍ പറ്റില്ലെന്നും സ്‌കൂളുകള്‍ സംസ്ഥാനം തിരഞ്ഞെടുക്കുമെന്നുള്ള നിബന്ധന അംഗീകരിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകും എന്നാണ് മുഖ്യമന്ത്രി പലതവണ പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാട് മുമ്പ് തന്നെ ലീഗ് എടുത്തതാണ്. യൂത്ത് ലീഗു എംഎസ്എഫും അടക്കം പദ്ധതിക്കെതിരെ സമരത്തിനിറങ്ങും എന്ന മുന്നറിയിപ്പും നേരത്തെ നല്‍കിയിരുന്നു. മന്ത്രിസഭാ ഉപസമിതിയിലെ അംഗമായ മന്ത്രി എം ലിജു അടക്കം പദ്ധതിക്ക് എതിരായ സമീപനമാണ് എടുത്തിട്ടുള്ളത്. പിന്നാലെയാണ് ലീഗ് ഉപസമിതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാട് കര്‍ശനമാക്കിയത്. പാര്‍ട്ടി നേതൃത്വവും നിലപാട് നിലവില്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.






