20 January, 2020 08:59:09 PM


'തിരിക്കൂ വണ്ടി!': സിപിഎം അനുകൂല സംഘടനാ പരിപാടി വൈകി; മുഖ്യമന്ത്രി മടങ്ങി



തിരുവനന്തപുരം: സിപിഎം നിയന്ത്രിക്കുന്ന സംഘടനയുടെ പരിപാടിയ്ക്കെത്തിയ മുഖ്യമന്ത്രിയ്ക്ക് കാണാനായത് നേതാക്കളില്ലാത്ത വേദിയും ആളൊഴിഞ്ഞ സദസും. സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ തിരുവനന്തപുരം നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട് എത്തിയതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാനോ, പ്രകടനം ഇപ്പോള്‍ എത്തുമെന്ന് പറയാനോ ഭാരവാഹികള്‍ ഒരാളുപോലും ഉണ്ടായില്ല. ഇതോടെ ഡ്രൈവറോട് മുഖ്യമന്ത്രി സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു, വണ്ടി തിരിക്കൂ. 


വൈകിട്ട് അഞ്ചേ കാലോടെയാണ് സംഭവം. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനം നിശ്ചയിച്ചിരുന്നത് വൈകിട്ട് അഞ്ചു മണിക്കായിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം അഞ്ച് പത്ത് കഴിഞ്ഞ് മുഖ്യമന്ത്രി എത്തി. പക്ഷെ നായനാര്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നത് പൊലീസും മാധ്യമപ്രവര്‍ത്തകരും മാത്രം. പിന്നെ ഗാനമേള നടത്താനുള്ള ഓര്‍ക്കസ്ട്ര സംഘവും. വേദിക്ക് അഭിമുഖമായി മുക്യമന്ത്രിയുടെ വാഹനം നിര്‍ത്തിയതോടെ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഓടി എത്തി. ആളുകള്‍ വന്നിട്ടില്ലെന്നും പ്രകടം വരുന്നതേ ഒള്ളൂ എന്നും അറിയിച്ചു. 


വണ്ടി തിരിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ പാര്‍ക്ക് ചെയ്യാന്‍ പോയ പൈലറ്റ് വാഹനം ഫോര്‍ട്ട് എ.സി തിരിച്ചു വിളിച്ചു. മുഖ്യമന്ത്രിയുടെ വണ്ടിക്ക് പിന്നാലെ  രണ്ടു ഭാരവാഹികള്‍ പാഞ്ഞെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി പോയിട്ടും ശക്തിപ്രകടനം ആരംഭിച്ചിരുന്നില്ല. പിന്നീട് സിപിഎം നേതാക്കള്‍ പലരും ഫോണി‍ല്‍ വിളിച്ചെങ്കിലും മുഖ്യമന്ത്രി ഫോണ്‍ എടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K