06 January, 2020 08:06:11 AM


കണ്ടക്ടറോട് മോശം പെരുമാറ്റം; കെഎസ്‌ആര്‍ടിസി സൂപ്രണ്ടിനെതിരെ വിജിലന്‍സ് അന്വേഷണം





തിരുവനന്തപുരം: ബസ് പാസ് കാണിക്കാന്‍ വിസമ്മതിച്ച കെഎസ്‌ആര്‍ടിസി സൂപ്രണ്ടിനെതിരെ വിജിലന്‍സ് അന്വേഷണം. കണ്ടക്ടറുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് നെയ്യാറ്റിന്‍കര ഡിപ്പോ സൂപ്രണ്ട് മഹേശ്വരിക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ബസ് പാസ് ചോദിച്ച കണ്ടക്ടറോട് മഹേശ്വരി തര്‍ക്കിക്കുന്നതിന്റേയും പാസ് കാണിക്കാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച്‌ പറയുന്നതിന്റേയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


കരമനയില്‍ നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് ബസ് കയറിയ മഹേശ്വരി ടിക്കറ്റ് എടുക്കാനോ പാസ് കാണിക്കാനോ തയ്യാറായില്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. കണ്ടക്ടര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പാസ് കാണിച്ചില്ല. പാസ് കാണിച്ചില്ലെങ്കില്‍ ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, താന്‍ ഡിപ്പോ സൂപ്രണ്ടാണെന്നും എല്ലാവര്‍ക്കും തന്നെ അറിയാമെന്നും പറഞ്ഞ് കണ്ടക്ടറോട് തട്ടിക്കയറി. 'പാസ് നിന്നെ കാണിക്കുന്നില്ല, വേണമെങ്കില്‍ ടിക്കറ്റ് അടിച്ചിട്ട് നീ തന്നെ പൈസ കൊടുത്തോ, പാസ് കാണേണ്ട ആവശ്യമില്ല, നിനക്ക് നമ്ബര്‍ പറഞ്ഞു തന്നിട്ടുണ്ട്. നീ വേണമെങ്കില്‍ പരാതി കൊടുത്തോ. '- കണ്ടക്ടര്‍ പാസ് കാണിക്കാന്‍ ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോള്‍ മഹേശ്വരി പറഞ്ഞ വാക്കുകളാണിവ.


പാസ് കയ്യില്‍ ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയേണ്ടേ എന്ന കണ്ടക്ടറുടെ ചോദ്യത്തിന് നീ എന്നും എന്നെ കാണുന്നതല്ലേ, നിന്റെ അഭ്യാസം ഒന്നും എന്റെയടുത്ത് നടക്കില്ല എന്നായിരുന്നു മഹേശ്വരിയുടെ പ്രതികരണം. 'നീ ഇറങ്ങി ഇന്‍സ്‌പെക്ടര്‍മാരോട് പരാതി പറഞ്ഞിട്ടു പോയി, അവര്‍ക്ക് എന്നെ 20 കൊല്ലമായി അറിയാം. നിനക്ക് പാസ് കാണണമെങ്കില്‍ നമ്ബര്‍ പറഞ്ഞു തരാം...അല്ലെങ്കില്‍ പോയി പരാതിപ്പെട്ടോ...'- ഇങ്ങനെ പോകുന്നു മഹേശ്വരിയുടെ പ്രതികരണം.


അടൂർ - തലക്കുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന അടൂർ ഡിപ്പോയിൽ നിന്നുള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സിലായിരുന്നു സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മഹേശ്വരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സ്വമേധയയാണ് കെഎസ്‌ആര്‍ടിസി വിജിലന്‍സ് കേസെടുത്തത്. ആരോപണം സൂപ്രണ്ട് നിഷേധിച്ചു. മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഈ വനിതാ കണ്ടകട്ര്‍ക്കെതിരെ താന്‍ മുമ്പ് പരാതിപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ പ്രതികാരമായി ഇവര്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു എന്നുമാണ് മഹേശ്വരിയുടെ വാദം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K