28 December, 2019 08:29:34 PM


തിരുവനന്തപുരം പ്രസ്ക്ലബ്: ആക്റ്റിംഗ് സെക്രട്ടറിയുടെ നടപടികൾ തള്ളി കോടതി

- റംഷാദ് ഏറ്റുമാനൂര്‍



തിരുവനന്തപുരം: പ്രസ്ക്ളബ് സെക്രട്ടറി എം രാധാകൃഷ്ണൻ സദാചാര പോലീസിങ് കേസിൽ പ്രതിയാക്കപ്പെട്ടതിന്‍റെ തുടർച്ചയായി ഉണ്ടായ വിവാദങ്ങൾക്ക് പുതിയ ട്വിസ്റ്റ്. ആക്റ്റിങ്ങ് സെക്രട്ടറി സാബ്ളു തോമസിന്‍റെ തീരുമാനങ്ങളും നടപടികളും തള്ളി കോടതി ഉത്തരവ് വന്നതോടെയാണിത്. തിരുവനന്തപുരം അഡീഷണൽ മുൻസിഫ് കോടതിയിൽ രാധാകൃഷ്ണൻ സമർപ്പിച്ച  ഹർജിയിൽ ആക്റ്റിങ് സെക്രട്ടറിയുടെ നടപടികൾക്കെതിരേ രൂക്ഷ വിമർശനമാണ് ഉത്തരവിലുള്ളത്.


ആക്റ്റിങ് സെക്രട്ടറി വിളിച്ചു ചേർക്കുന്ന ജനറൽ ബോഡി യോഗം തടയണമെന്നുൾപ്പെടെയാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഡിസംബർ 5ന് ചേർന്ന മാനേജിങ് കമ്മിറ്റി യോഗം സാബ്ളു തോമസിനെ സസ്പെന്‍റ് ചെയ്തുവെന്നും നിയമപരമായി ആക്റ്റിങ് സെക്രട്ടറി എന്ന പദവിയിൽ അങ്ങനെയൊരാൾ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഡിസംബർ 12ന് സാബ്ളു തോമസ് വിളിച്ചു ചേർത്ത ജനറൽ ബോഡി യോഗവും അതിന്‍റെ തീരുമാനങ്ങളും പ്രസ്ക്ളബ് നിയമാവലിയുടെ ലംഘനമാണ്. എതിർകക്ഷിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്തു കൊണ്ട് ഹർജി തള്ളുകയും ചെയ്തു.




12നു ചേർന്ന ജനറൽ ബോഡി യോഗമാണ് പ്രസിഡന്‍റ് സോണിച്ചൻ ജോസഫ് ഉൾപ്പെടെയുള്ളവരുടെ രാജി അംഗീകരിച്ചതും അവരെ അംഗത്വത്തിൽ നിന്നു സസ്പെന്‍റ് ചെയ്തതും. രാധാകൃഷ്ണൻ രാജി വച്ചിരുന്നില്ല. വിധിയുടെ പശ്ചാത്തലത്തിൽ സോണിച്ചൻ ഉൾപ്പെടെ രാജി പിൻവലിക്കുകയും രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി വീണ്ടും ചുമതലയേൽക്കുകയും ചെയ്യുമെന്ന് അറിയുന്നു.


രാധാകൃഷ്ണൻ പ്രതിയായ സദാചാര പൊലീസിങ് കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ല. വനിതാ മാധ്യമ പ്രവർത്തകർ പ്രസ്ക്ളബ് ഉപരോധിച്ചതിനേത്തുടർന്ന് അറസ്റ്റിലായ രാധാകൃഷ്ണനെ കോടതി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തു വന്ന ശേഷമാണ് ഇപ്പോൾ ഉത്തരവുണ്ടായ ഹർജി നൽകിയത്. അതിനിടെ 31ന് സാബ്ളു തോമസ് വീണ്ടും ജനറൽ ബോഡി യോഗം വിളിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K