24 December, 2019 07:28:47 PM
ബൈബിളിലെ അത്തി മരവും രാമായണത്തിലെ ശിംശിപയും: വേറിട്ട കാഴ്ചകളുമായി വസന്തോത്സവം
തിരുവനന്തപുരം: പൊതുവെ എന്തും മിതമായി ചിട്ടപ്പെടുത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുകയാണ് വസന്തോത്സവത്തിലെ ബോൺസായി വൃക്ഷ തൈകളുടെ പ്രദർശനം. പറമ്പിൽ തണൽ വിരിച്ചു നിൽക്കുന്ന വമ്പൻ മരങ്ങൾ ചെറുചട്ടികളിലാക്കി വീടിന്റെ അകത്തളങ്ങളിൽ വയ്ക്കാമെന്നതും ബോൺസായികളുടെ പ്രത്യേകതയാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് ബോൺസായ് മരങ്ങളാണ് കനകക്കുന്നിൽ നടക്കുന്ന വസന്തോൽസവത്തിൽ അണിനിരത്തിയിട്ടുള്ളത്. പടർന്നു പന്തലിക്കുന്ന ആൽമരവും അത്തിമരവുമെല്ലാം ചെടിച്ചട്ടിയിൽ ചിട്ടയോടെ വളരുന്നത് കാഴ്ചക്കാർക്ക് കൗതുകമുണർത്തുന്നു.
പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, സെക്രട്ടറിയേറ്റ്, മ്യൂസിയം, വെള്ളായണി കാർഷിക കോളേജ് തുടങ്ങിയവയുടെ നഴ്‌സറികളിൽ നിന്നാണ് വസന്തോത്സവത്തിൽ ബോൺസായ് വൃക്ഷങ്ങൾ എത്തിച്ചിരിക്കുന്നത്. ബൈബിളിലെ അത്തിമരവും, രാമായണത്തിലെ ശിംശിപയും, ആന പുളിഞ്ചിയും, ആരയാലും, ഏഴിലം പാലയും ഉൾപ്പടെ 190 ബോൺസായികളാണ് ഇവിടെയുള്ളത്.
പൈതൃക ഗ്രാമം കാണാം.. സർഗാലയയിലേക്കു വരൂ...
കേരളത്തിലെ 20 പൈതൃക ഗ്രാമങ്ങളുടെ തനത് കാഴ്ചകളുമായി സർഗാലയ ക്രാഫ്റ്റ് വില്ലേജ് വസന്തോത്സവത്തിലെ സുന്ദര കാഴ്ചയാകുന്നു. പൈതൃക ഗ്രാമങ്ങളിൽനിന്നുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയുമാണു സർഗാലയയിലുള്ളത്. കോഴിക്കോട് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ കലാകാരന്മാരാണ് കനകക്കുന്നിലെ പൈതൃകഗ്രാമങ്ങളുടെ സൃഷ്ടിക്കു പിന്നിൽ.
വിവിധ രൂപങ്ങളിലുള്ള മൺപാത്ര നിർമാണം സർഗാലയയിൽ നേരിട്ടു കാണാം. നിലമ്പൂർ, അരുവാക്കോട് എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരാണു തത്സമയം മൺപാത്രങ്ങൾ നിർമിക്കുന്നത്. ചേർപ്പ് പൈതൃകഗ്രാമത്തിൽ നിന്നുള്ള തടിയിൽ തീർത്ത ആനശിൽപ്പം, ഗൂരുവായൂർ നെറ്റിപ്പട്ടം, വടയാർ കളിമൺ പാത്രങ്ങൾ, പെരുവമ്പ്/ബാലരാമപുരം എന്നിവിടങ്ങളിൽ നിന്നുള്ള കൈത്തറി ഉത്പന്നങ്ങൾ, ആറന്മുള കണ്ണാടി, തൃകൈപറ്റയിൽ നിന്നുള്ള മുളയും ചൂരലും കൊണ്ടുള്ള ഉത്പന്നങ്ങൾ, മുട്ടത്തറയിൽനിന്നുള്ള ദാരുശിൽപ്പകല എന്നിവയും സർഗാലയയിൽ ആസ്വദിക്കാം. വിവിധ തടികളിലും മുളയിലും തീർത്ത ശിൽപ്പങ്ങളും വാങ്ങാം.
പെരുവമ്പിൽനിന്നുള്ള വാദ്യോപകരണങ്ങൾ, പയ്യന്നൂർ തെയ്യം, ചേർത്തലയിൽനിന്നുള്ള കയർ ഉത്പന്നങ്ങൾ എന്നിവയും സർഗാലയയിലുണ്ട്. ദേശീയ - അന്തർദേശീയ പ്രദർശനങ്ങളിൽ വമ്പൻ വിപണിയുള്ള കരകൗശല ഉത്പന്നങ്ങളാണ് സർഗാലയലുള്ളത്. വസന്തോത്സവം അവസാനിക്കുന്ന ജനുവരി മൂന്നുവരെ സർഗാലയുള്ള സ്റ്റാളിൽ പ്രദർശനവും വിൽപ്പനയുമുണ്ടാകും.
ദാഹമകറ്റാൻ ഹണി കോള
പുഷ്‌പോത്സവ നഗരിയിൽ സന്ദർശകർക്ക് ദാഹമകറ്റാൻ വനം വകുപ്പിന്റെ ഹണി കോള. വസന്തോത്സവം പുഷ്പമേളയിലെ വനം വകുപ്പ് സ്റ്റാളിലെ കോന്നി വനവികാസ ഏജൻസിയുടെ കൗണ്ടറിലാണ് ഹണി കോള ലഭിക്കുന്നത്. മുപ്പത് രൂപയാണ് വില. വെള്ളം, തേൻ, ഇഞ്ചി, നാരങ്ങാനീര് എന്നിവയുപയോഗിച്ചാണ് കോള തയാറാക്കുന്നത്.
കോന്നി വനവികാസ ഏജൻസിയിൽ ഉദ്പാദിപ്പിക്കുന്ന തേനാണ് കോളയിൽ ഉപയോഗിക്കുന്നത്. യാതൊരുവിധ രാസപദാർഥങ്ങളും ഉപായോഗിക്കാത്തതു കൊണ്ടുതന്നെ ആരോഗ്യത്തിന് ഗുണകരവുമാണ്. അതിനാൽ പ്രമേഹരോഗികൾക്കും സധൈര്യം കുടിക്കാം. വനം വകുപ്പിന്റെ അഞ്ചു കൗണ്ടറുകളാണ് വസന്തോത്സവത്തിലുള്ളത്. ജനുവരി മൂന്നു വരെ നടക്കുന്ന വസന്തോത്സവം പുഷ്പമേളയിൽ രാവിലെ പത്തുമുതൽ രാത്രി എട്ടുവരെ പ്രവേശിക്കാം.