24 December, 2019 11:04:06 AM
കാറിനുളളില്‍ യുവതിയുടെ സുഖപ്രസവം ; രക്ഷകരായി 108 ആംബുലന്‍സ്
തിരുവനന്തപുരം : ആശുപത്രിയിലേക്കുളള യാത്രമധ്യേ കാറിനുളളില്‍ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ്. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തികുഴി കുന്നംപുറത്ത് വീട്ടില്‍ ശ്രീജിത്തിന്റെ ഭാര്യ നിമിഷ (24)യാണ് കാറിനുളളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച വൈകിട്ട് 4.45 നാണ് സംഭവം.
നിമിഷയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാറില്‍ ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടയില്‍ 108 ആംബലന്‍സിന്റെ സേവനവും ഇവര്‍ തേടി. എന്നാല്‍ കാര്‍ അര കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും നിമിഷയുടെ ആരോഗ്യസ്ഥിതി വളരെ മോശമായി. മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയുമായി. ഇതിനിടയില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച സന്ദേശമനുസരിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ 108 ആംബുലന്‍സ് സ്ഥലത്തെത്തി.
ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രതീഷ് ടി. എസ്സിന്റെ പരിശോധനയില്‍ നിമിഷയെ കാറില്‍ നിന്ന് ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് കാറിനുളളില്‍ വച്ച് തന്നെ പ്രസവം നടന്നു.
പ്രാഥമിക പരിചരണം നല്‍കിയ ശേഷം ആംബുലന്‍സിലേക്ക് മാറ്റിയ അമ്മയെയും കുഞ്ഞിനെയും പൈലറ്റ് അഭിലാഷ് കെ.നായര്‍ ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ആശുപത്രിയില്‍ കഴിയുകയാണെന്ന് അധികൃതര്‍ പറഞ്ഞു.