17 December, 2019 03:51:56 PM
മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: മത്സ്യബന്ധനത്ത വള്ളത്തില്‍ കപ്പലിടിച്ച് പരിക്കേറ്റ ആറ് മത്സ്യത്തൊഴിലാളികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂന്തുറ സ്വദേശികളായ സഹായ രാജു ( 52), സഹായം (48), റെയ്മണ്ട് (42), ജയിംസ് (56), സുബിന്‍ (38), രഞ്ജു (27) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. പൂന്തുറയില്‍ നിന്നും ഏതാണ്ട് 16 കിലോമീറ്റര്‍ ഉള്‍ക്കടലിലാന്ന് അപകടം നടന്നത്. കപ്പലുമായുള്ള കൂട്ടിയിടിയില്‍ വള്ളം രണ്ടായി മുറിഞ്ഞെന്ന് പരിക്കേറ്റവരെ ആശുപത്രിയിഘത്തിച്ചവര്‍ പറഞ്ഞു. ആറു പേര്‍ക്കും പുറമേ മുറിവുകളൊന്നുമില്ലെങ്കിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചതവുകളുണ്ട്. ഇവരെ രണ്ടാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു.
അപകടം നടന്നിട്ടും കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നു. കടലില്‍ ചൂണ്ടയിട്ടു കൊണ്ടിരുന്ന മറ്റൊരു വള്ളത്തിലെ തൊഴിലാളികളാണ് ആറു പേരെയും കരയ്‌ക്കെത്തിച്ചതെന്ന് ഇവര്‍ക്കൊപ്പം ആശുപത്രിയിലെത്തിയവര്‍ പറഞ്ഞു.