17 December, 2019 11:45:19 AM
സ്വർണക്കടത്ത് കേസിൽ കുറ്റം സമ്മതിച്ച് വഞ്ചിയൂർ എസ് ഐ; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ വഞ്ചിയൂർ എസ്.ഐ എ.എം സഫീറിനെ ജാമ്യത്തിൽ വിട്ടയച്ചു. കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ദുബായിൽ നിന്നെത്തിയ സഫീറിനെയും വനിതാ സുഹൃത്തിനെയും ഡി.ആർ.ഐ സംഘം കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കൽ നിന്നും 2 കിലോ സ്വർണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സഫീറിനെതിരായ വകുപ്പ് തല നടപടി ഇന്നുണ്ടായേക്കും.
ദുബായില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിന്‍റെ സീറ്റില്‍ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഈ സീറ്റില്‍ യാത്ര ചെയ്ത വഞ്ചിയൂര്‍ ക്രൈം എസ്.ഐ സഫീറിനെയും വനിതാ സുഹൃത്തിനെയും ഡിആര്‍ഐ ചോദ്യം ചെയ്യുന്നത്. സ്വര്‍ണം കണ്ടെത്തിയ സീറ്റിന്റെ അതേ നിരയിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും മൊഴിയെടുക്കും. ബന്ധുക്കളെ സന്ദർശിക്കാൻ പോകുന്നെന്ന് അറിയിച്ച ശേഷമാണ് സഫീർ വിദേശത്തേക്ക് പോയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവധിയെടുത്തതും.