15 December, 2019 03:38:42 PM
പിന്നിലൂടെ ടാങ്കര്‍ ലോറി വന്നത് അറിഞ്ഞില്ല; ബധിരയും മൂകയുമായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പാല്‍ നിറച്ചു വന്ന മില്‍മയുടെ ടാങ്കര്‍ ലോറി ഇടിച്ച് മൂകയും ബധിരയുമായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോലിയക്കോട് കെകെ പാറ ജംക്ഷന്‍ കൊക്കോട്ടുകോണം വീട്ടില്‍ രാധ (66) യാണ് മരിച്ചത്. പിന്നിലൂടെ പാഞ്ഞെത്തിയ ലോറി വീട്ടമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രാവിലെ അണ്ടൂര്‍ക്കോണം റോഡില്‍ നിന്നു പോത്തന്‍കോട് ജംക്ഷനില്‍ വണ്‍വേയിലേക്കു പ്രവേശിക്കുന്നിടത്തായിരുന്നു അപകടം.
സമീപമുള്ള കടയില്‍ പ്ലൈവുഡിന്‍റെ വില തിരക്കിയ ശേഷം മടങ്ങി വരാമെന്നു പറഞ്ഞ് റോഡിലേക്കിറങ്ങിയതായിരുന്നു രാധ. ട്രാന്‍സ്‌ഫോമറിന്‍റെ കമ്പിവേലിക്കു മുന്നിലെത്തിയപ്പോള്‍ പിന്നില്‍ വരികയായിരുന്ന ലോറി തട്ടി റോഡിലേക്കു വീണ രാധയുടെ തലയുടെ ഒരു വശത്തുകൂടി മുന്‍ വശത്തെ ടയര്‍ കയറിയിറങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് പോത്തന്‍കോട് പോലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. മക്കള്‍ സന്ധ്യ, സരിത.കമ്പിവേലിയോട് ചേര്‍ന്നാണ് രാധ നടന്നതെങ്കിലും കേള്‍വി ശക്തി ഇല്ലാത്തതിനാല്‍ പിന്നില്‍ ടാങ്കര്‍ ലോറി വന്നത് രാധ അറിഞ്ഞില്ല. ഇതാണ് അപകടത്തിന് വഴിവെച്ചത്.