12 December, 2019 07:20:01 AM
മജിസ്‌ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം: നിലപാട് കടുപ്പിച്ച് മജിസ്ട്രേട്ട് ; പിന്തുണയുമായി ന്യായാധിപ സമൂഹം
തിരുവനന്തപുരം: വാഹനാപകടക്കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചെന്നാരോപിച്ച് മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ കേസിൽ മജിസ്ട്രേട്ട് ദീപാ മോഹൻ കടുത്ത നിലപാടിലേക്ക്. 12 ബാർ അസോസിയേഷൻ ഭാരവാഹികളടക്കമുള്ള അഭിഭാഷകർക്കെതിരായ പോലീസ് കേസിൽനിന്ന് മജിസ്ട്രേട്ട് പിന്നോട്ടില്ലെന്നാണ് സൂചന. ജുഡീഷ്യൽ ഓഫീസർമാർ ഒന്നാകെ ഈ നിലപാടിന് പിന്തുണ നൽകുന്നു. ഇത്തരം കാര്യങ്ങളിൽ മാതൃകാപരമായ നടപടി വേണമെന്നാണ് ഏകാഭിപ്രായം.
മാത്രമല്ല, മജിസ്ട്രേട്ട് അതിക്രമം കാണിച്ചുവെന്ന തരത്തിൽ അഭിഭാഷകയെക്കൊണ്ട് വ്യാജ പരാതി നൽകിയതും ന്യായാധിപ സമൂഹം ഗൗരവത്തോടെ കാണുന്നു. വ്യാജ പരാതി നൽകിയ അഭിഭാഷകയ്ക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ബാർ അസോസിയേഷൻ ഭാരവാഹികൾ പരസ്യമായി ഖേദം പ്രകടിപ്പിച്ച് പ്രശ്നത്തിൽനിന്ന് തടിയൂരാൻ ശ്രമിച്ചിരുന്നു.
സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ഒരു കേസിൽ മജിസ്ട്രേട്ട് പ്രതിയുടെ ജാമ്യം നിഷേധിച്ചത്. ഇതിൽ പ്രതിഷേധിച്ച് ബാർ അസോസിയേഷൻ ഭാരവാഹികൾ ചേംബറിലെത്തി മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തി. വനിത ആയതുകൊണ്ട് വെറുതെ വിടുകയാണ്. അല്ലെങ്കിൽ കൈയും കാലും തല്ലിയൊടിച്ചേനേ എന്നുപറഞ്ഞായിരുന്നു ആക്രോശം