10 December, 2019 02:47:07 PM


സെക്രട്ടറിയെ പുറത്താക്കിയതിൽ പ്രതിഷേധം; തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ ഭാരവാഹികളുടെ കൂട്ടരാജി



തിരുവനന്തപുരം: സഹപ്രവർത്തകയായ വനിതാ മാധ്യമപ്രവർത്തകക്കെതിരെ സദാചാര ആക്രമണം നടത്തിയെന്ന കേസിൽ പ്രതിയായ എം രാധാകൃഷ്ണനെ ഏകപക്ഷീയമായി പുറത്താക്കിയെന്ന് ആരോപിച്ച് തിരുവനന്തപുരം പ്രസ്ക്ലബ് ഭരണസമിതിയിൽ കൂട്ടരാജി. സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ച ജോയിന്റ് സെക്രട്ടറി സാബ്ലൂ തോമസ് ഏകപക്ഷീയമായി രാധാകൃഷ്ണനെ പുറത്താക്കിയെന്ന് ആരോപിച്ചാണ് രാജി. ഇതോടെ മൂന്ന് അംഗങ്ങൾ ഒഴികെ പ്രസ്ക്ലബ് ഭരണസമിതിയിലെ മറ്റംഗങ്ങളെല്ലാം രാജിവെച്ചു.



പ്രസ്ക്ലബ് പ്രസി‍ഡന്റ് സോണിച്ചൻ പി ജോസഫ്, വൈസ് പ്രസിഡന്റ് ഹാരിസ് കുറ്റിപ്പുറം, ട്രഷറർ എസ്.ശ്രീകേഷ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.എം.ബിജുകുമാര്‍, രാജേഷ് ഉള്ളൂര്‍, എച്ച്.ഹണി, ലക്ഷ്മി മോഹന്‍, വെൽഫെയർ കമ്മിറ്റി കൺവീനർ അജി ബുധനൂര്‍ എന്നിവരാണ് രാജിവെച്ചത്. ഇവരുടെ വിശദീകരണം ഇങ്ങനെ-


''ഞങ്ങള്‍ രാജി വെക്കുന്നു


തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാബ്ലു തോമസിന്റെ ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമായ നടപടികളില്‍ പ്രതിഷേധിച്ച് ഭരണ സമിതിയംഗങ്ങളായ സോണിച്ചൻ P ജോസഫ്, എം.രാധാകൃഷ്ണൻ, എസ്. ശ്രീകേഷ്, ഹാരിസ് കുറ്റിപ്പുറം, പി.എം ബിജുകുമാർ, രാജേഷ് ഉള്ളൂർ, ലക്ഷ്മി മോഹൻ, എച്ച്. ഹണി, അജി ബുധന്നൂർ ഉൾപ്പെടെ ഞങ്ങള്‍ ഒന്നടങ്കം രാജി വെക്കുന്നു.


പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ ഉയർന്ന ആരോപണം കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന മാനേജിംഗ് കമ്മിറ്റി ചർച്ച ചെയ്യുകയും സെക്രട്ടറി സ്ഥാനത്ത് നിന്നും രാധാകൃഷ്ണനെ താത്കാലികമായി മാറ്റി നിർത്താൻ തീരുമാനിക്കുകയും ചെയ്തു.. ഇതോടൊപ്പം അംഗങ്ങൾ തന്ന പരാതി വനിതാ അംഗങ്ങൾ ഉൾപ്പെട്ട സമിതിയെ അന്വേഷിക്കാനും തീരുമാനിച്ചു. സമിതി 10 ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനായിരുന്നു തിരുമാനം. ഇതോടൊപ്പം 22 ന് പൊതുയോഗം കൂടാനും തീരുമാനിച്ചിരുന്നു. സെക്രട്ടറിയുടെ താത്കാലിക ചുമതല ജോയിൻറ് സെക്രട്ടറിയായ സാബ്ലു തോമസിന് നൽകാനും യോഗം തീരുമാനിച്ചു. സാബ്ലുവും കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനങ്ങളെടുത്തത്.


താത്കാലിക ചുമതല ലഭിച്ച സാബ്ലു തോമസ് പ്രസ് ക്ലബിനെ എല്ലാക്കാലവും തകർക്കാൻ ശ്രമിക്കുന്നവരോടൊപ്പം ചേർന്ന്, പ്രസിഡന്റ് സോണിച്ചന്‍ പി.ജോസഫിനെ പോലും അറിയിക്കാതെ മനേജിംഗ് കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി മാനേജിങ് കമ്മിറ്റി യോഗവും ജനറല്‍ ബോഡിയോഗവും വിളിച്ചു ചേര്‍ക്കുന്നതായി അറിയിപ്പ് നൽകി. ഒരു മാനേജിംഗ് കമ്മിറ്റി എടുത്ത തീരുമാനം പുന:പരിശോധിക്കാനോ റദ്ദാക്കാനാ ആ കമ്മിറ്റിക് മാത്രമേ അവകാശമുള്ളു. സാബ്ലൂ തോമസിന്റെ നടപടി പ്രസ്‌ക്ലബ്ബ് ഭരണഘടനയ്ക്ക് വിരുദ്ധമാണ്.


അംഗങ്ങള്‍ നേരിട്ട് സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.രാധാകൃഷ്ണനെ നടപടി ക്രമങ്ങൾ പാലിക്കാതെ അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായുള്ള സാബ്ലു തോമസിന്റെ പ്രഖ്യാപനവും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും തികച്ചും നിയമവിരുദ്ധമാണ്. പ്രസ്‌ക്ലബ്ബിനെ തകര്‍ക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു സംഘം ആളുകളുടെ കൂട്ടാളിയായി സാബ്ലൂ തോമസ് മാറിയിരിക്കുകയാണ്. താത്കാലിക സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് കൊണ്ട് സാബ്ലു ഇനിയും പല തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. സാബ്ലു ചെയ്യുന്ന എല്ലാ തെറ്റുകളും ഭരണ സമിതി എന്ന നിലയിൽ കൂട്ട് ഉത്തരവാദിത്തമാണ്. ക്ലബിൻ്റെ ലെറ്റർ ഹെഡും സീലും ഉപയോഗിച്ച് പല കാര്യങ്ങളും ചെയ്യുമെന്ന് ഞങ്ങൾ സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് ഞങ്ങൾ രാജി വയ്ക്കുന്നത്. സാബ്ലുവിൻ്റെ നടപടികള്‍ പ്രസ്‌ക്ലബ്ബിന്റെ മുഴുവന്‍ അംഗങ്ങളും വിലയിരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ ചെറിയ കാലയളവില്‍ ഞങ്ങള്‍ ചെയ്ത സേവനങ്ങള്‍ക്ക്, ബഹുമാനപ്പെട്ട അംഗങ്ങള്‍ നല്‍കിയ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. 


1. സോണിച്ചന്‍ പി. ജോസഫ് (പ്രസിഡന്റ്)

2. എം.രാധാകൃഷ്ണൻ (സെക്രട്ടറി)

3. ഹാരിസ് കുറ്റിപ്പുറം (വൈസ് പ്രസിഡന്റ്)
4. എസ്.ശ്രീകേഷ് (ഖജാന്‍ജി)
5. പി.എം.ബിജുകുമാര്‍ (മാനേജിങ് കമ്മിറ്റിയംഗം)
6.രാജേഷ് ഉള്ളൂര്‍ (മാനേജിങ് കമ്മിറ്റിയംഗം)
7എച്ച്.ഹണി (മാനേജിങ് കമ്മിറ്റിയംഗം)
8 .ലക്ഷ്മീ മോഹന്‍ (മാനേജിങ് കമ്മിറ്റിയംഗം)
9.അജി ബുധനൂര്‍ (വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍)


തിരുവനന്തപുരം ,
10/12/2019 - 11:25 AM."




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K