08 December, 2019 05:00:21 PM


പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ സദാചാര ഗുണ്ടായിസം; മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഡബ്ല്യൂസിസി





തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയ്ക്കെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഡബ്ല്യൂ.സി.സി പ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകയ്ക്ക് നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ പറഞ്ഞു. സദാചാര ഗുണ്ടായിസം നടത്തിയ  സംഭവത്തില്‍ ന്യായമായ നിലപാട് പ്രസ് ക്ലബ്ബ് എടുക്കണം. പുരുഷ സഹപ്രവര്‍ത്തകരുടെ സ്ത്രീവിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും ഡബ്ല്യൂസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


അവള്‍ക്കൊപ്പം എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...


"അവള്‍ക്കൊപ്പം


വീട്ടിനകത്തായാലും പുറത്തായാലും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന കടമ്പകള്‍ സമാനമാണ്. രണ്ടിടത്തും 'പുരുഷാധിപത്യത്തിന്റെ ബലാത്സംഗ സംസ്‌കാരം ' പല രൂപത്തിലും പതിയിരിക്കുന്നുണ്ട്. ലിംഗാധികാരത്തിന്റെ ആനുകൂല്യത്തില്‍ എല്ലാ സംവിധാനങ്ങളും വരുതിയില്‍ നിര്‍ത്തി മാത്രം ജീവിച്ചു ശീലിച്ച ആണത്തങള്‍ അതുകൊണ്ട് തന്നെ എവിടെയും ഒരു പോലീസ് സംസ്‌കാരം പണിതാണ് സ്വയം അതിജീവിക്കുന്നത്. സിനിമയിലും മാധ്യമങ്ങളിലും അത് പരിധിയില്‍ കവിഞ്ഞ ബുദ്ധിമുട്ടാണ് സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്നത്. കേരളത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകക്ക് സ്വന്തം വീട്ടിനുള്ളിലെ സ്വകാര്യതയില്‍, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായ സഹപ്രവര്‍ത്തകനില്‍ നിന്നും നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണ്. പൊതു ജീവിതത്തെ തന്നെ അസാധ്യമാക്കുന്ന സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.


ഇത്തരം പോലീസിങ് ഒരു നിലക്കും അനുവദിക്കാനാകില്ല. ഇക്കാര്യത്തില്‍ തങ്ങളുടെ പുരുഷാധിപ സഹപ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീമാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും അര്‍പ്പിക്കുന്നു. അവരുടെ പോരാട്ടം ന്യായമാണ്. നെറ്റ് വര്‍ക്ക് ഫോര്‍ വുമണ്‍ ഇന്‍ മീഡിയയുടെ പ്രസ്താവന ഞങ്ങളിവിടെ പങ്ക് വയ്ക്കുന്നു. അവരുടെ നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.തിരുവനന്തപുരം പ്രസ് ക്ലബ്ബിനോട് ഈ സംഭവത്തെ ഗൗരവമായി കണ്ട് ന്യായമായ ഒരു നിലാപാട് അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.


ആണ്‍ സുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗൂണ്ടായിസം നടത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി.ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടും രാധാകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ഈയാളെ പോലീസ് അറസ്റ്റ് ചെയ്തത്." 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K