03 December, 2019 11:11:01 AM


തിരുവനന്തപുരം വിമാനത്താവളത്തിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ മൂന്ന് പേർ പിടിയിൽ



തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ വാഹന പാർക്കിങ് മേഖലയിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ യാത്രക്കാരായ എട്ടു പേരിൽ മൂന്നു പേരെ സി.ഐ.എസ്.എഫ് പിടികൂടി. ചെന്നൈ സ്വദേശികളായ അബ്ദുൽ ബാസിദ്, സെയ്യദ് അബുതാഹിർ, മുഹമ്മദ് സാദിഖ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണിവർ. ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.


 പിടികൂടിയവരിൽനിന്ന് പ്രോട്ടീൻ പൗഡറും പ്ലാസ്റ്റിക് ടേപ്പുപയോഗിച്ചു പൊതിഞ്ഞ ടോർച്ച്ലൈറ്റിൽ ഉപയോഗിക്കുന്ന ആറ് ബാറ്ററികളും ബാഗും പിടിച്ചെടുത്തു. സുരക്ഷാസേനയെക്കണ്ട് ഓടിമറഞ്ഞ ഒരാൾ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ തറയിൽ എറിഞ്ഞു തകർത്തു. ഇത് പിന്നീട് കണ്ടെടുത്തു. പുലർച്ചെ എട്ട് യുവാക്കളും അവർക്ക് ചുറ്റും മറ്റുള്ളവരും കൂടി നിന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫിലെ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ അടുത്തേക്ക് എത്തിയപ്പോൾത്തന്നെ യുവാക്കൾ ചിതറിയോടി.


മുന്നു പേരെ സേനാംഗങ്ങൾ പിടികൂടി വലിയതുറ പോലീസിനു കൈമാറുകയായിരുന്നു. മൂന്നു പേരെയും റോ, കേന്ദ്ര-സംസ്ഥാന ഇൻറലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റിലജൻസ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തുടർന്ന് ഡി.സി.പി.ആർ. ആദിത്യ, ശംഖുംമുഖം എ.സി. ഐശ്വര്യ ഡോംഗ്രെ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും ചോദ്യം ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K