30 November, 2019 11:41:18 PM


'ഏട്ടപ്പനെ' പിടിക്കാനായില്ല; യൂണിവേഴ്സിറ്റി കോളേജിന് തിങ്കളാഴ്ച അവധി

 


തിരുവനന്തപുരം: സംഘര്‍ഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ക്ലാസുകൾ ഉണ്ടായിരിക്കില്ലെങ്കിലും അധ്യാപകർ ഹാജരാകണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് വിളിച്ചുചേര്‍ത്ത വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗവും മാറ്റിവച്ചതായി അദ്ദേഹം വ്യക്തമാക്കി.


കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂണിവേഴ്‍സിറ്റി ഹോസ്റ്റലിൽ ഇന്ന് ഉച്ചയ്ക്ക് പൊലീസ് മിന്നൽ റെയ്‍ഡ് നടത്തിയിരുന്നു. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് വൻ പൊലീസ് സംഘം യൂണിവേഴ്‍സിറ്റി ഹോസ്റ്റലിലേക്ക് ഉച്ചയോടെ ഇരച്ചെത്തിയത്. തെരച്ചിലിന്‍റെ ഭാഗമായി ഹോസ്റ്റലിൽ നിന്ന് അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ച് പേരും എസ്എഫ്ഐ പ്രവർത്തകരാണ്. അമൽ മുഹമ്മദ്, വിഘ്നേഷ്, അജ്മൽ, സുനിൽ, ശംഭു ടി എന്നീ അഞ്ച് പേരുടെയും അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.


മുന്നിലെ ഗേറ്റിലൂടെ വലിയൊരു സംഘം പൊലീസെത്തിയതിനൊപ്പം തന്നെ, പിന്നിലെ ഗേറ്റിലൂടെയും രഹസ്യമായി മറ്റൊരു സംഘം പൊലീസുകാർ അകത്ത് കയറുകയായിരുന്നു. ഹോസ്റ്റലിന് പുറത്ത് മാത്രമാണ് പരിശോധനയെന്ന പ്രതീതി വരുത്തിത്തീർക്കുകയായിരുന്നു പൊലീസ്. അതേസമയം തന്നെ, പിന്നിലെ ഗേറ്റിലൂടെ കന്‍റോൺമെന്‍റ് സിഐയുടെ നേതൃത്വത്തിൽ മറ്റൊരു സംഘം ഹോസ്റ്റലിനകത്ത് കയറി. വെള്ളിയാഴ്ച വൈകിട്ട് നടന്ന അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്ത വിദ്യാർത്ഥികളെ കണ്ടെത്തി പിടികൂടി. ഇവരെ ഓരോരോ ഗേറ്റിലൂടെ രഹസ്യമായിത്തന്നെയാണ് പൊലീസ് പുറത്തു കൊണ്ടുപോയതും. മുൻവശത്തെ ഗേറ്റിലൂടെ ഇവരെ പുറത്തിറക്കാതിരുന്നതിനാൽ ആരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പുറത്തുള്ളവർക്ക് മനസ്സിലായതുമില്ല. 


വെള്ളിയാഴ്ച യൂണിവേഴ്‍സിറ്റി കോളേജിന് മുന്നിൽ അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഇതേ ഹോസ്റ്റലിൽ വച്ച് കെഎസ്‍യു പ്രവർത്തകർക്ക് നേരെ കൊലവിളി മുഴക്കിയ എസ്എഫ്ഐ നേതാവായിരുന്ന 'ഏട്ടപ്പൻ' എന്ന് വിളിക്കപ്പെടുന്ന മഹേഷിനെ ഇത് വരെ പിടികൂടാൻ പൊലീസിനായിട്ടില്ല. 


യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ബുധനാഴ്ച രാത്രി എസ്എഫ്ഐ പ്രവർത്തകനായിരുന്ന 'ഏട്ടപ്പൻ' മഹേഷ് കെഎസ്‍യു പ്രവർത്തകനായ നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ മഹേഷ് നിതിൻ രാജിന്‍റെയും സുദേവ് എന്ന വിദ്യാർത്ഥിയുടെയും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും കത്തിച്ചെന്നും ആരോപണമുയർന്നു. പരാതി ഉന്നയിക്കാനായി പ്രിൻസിപ്പാളിനെ കാണാന്‍ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് എത്തിയതിനെത്തുടർന്ന് യൂണിവേഴ്‍സിറ്റി കോളേജിന് മുന്നിൽ വൻ അക്രമമാണ് അരങ്ങേറിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K