29 November, 2019 08:01:39 PM
യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ - കെഎസ്‌യു സംഘര്‍ഷം: പ്രതിഷേധവുമായി പ്രതിപക്ഷനേതാവും
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്‌ഐ - കെഎസ്‌യു സംഘര്‍ഷം. വിദ്യാര്‍ത്ഥികളുടെ സംഘര്‍ഷം പുറത്ത് എം ജി റോഡിലേക്കും നീണ്ടു. പരസ്പരമുള്ള കല്ലേറില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെയും മറ്റൊരു കെഎസ്‌യു പ്രവര്‍ത്തകന്റെയും തലയ്ക്ക് പരിക്കേറ്റു. തന്റെ കാലില്‍ തടിക്കഷ്ണം കൊണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിയെന്ന് അഭിജിത്ത് ആരോപിച്ചു. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റെന്ന് എസ്എഫ്‌ഐയും ആരോപിച്ചു.
ഇന്ന് വൈകുന്നേരമാണ് സംഭവം. സംഘര്‍ഷം കടുത്തതോടെ റോഡ് ഗതാഗതം തടസപ്പെട്ടു. പരസ്പരം ആരോപണം ഉന്നയിക്കുകയായിരുന്നു പ്രവര്‍ത്തകര്‍. ഒടുവില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. എംജി റോഡില്‍ ഇരുവിഭാഗത്ത് നിന്നും പരിക്കേറ്റ പ്രവര്‍ത്തകരെ നിരത്തിയിരുത്തി ഇരുവിഭാഗവും ഗതാഗതം തടസ്സപ്പെടുത്തി കുത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി. പ്രതിഷേധവുമായി ചെന്നിത്തലയും റോഡില്‍ കുത്തിയിരുന്നു.
ബുധനാഴ്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കെഎസ്‌യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത പ്രിന്‍സിപ്പാളിന് പരാതി നല്‍കാനാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവര്‍ എത്തിയത്.ഗേറ്റിന് പുറത്തെത്തിയ അഭിജിത്ത് അടക്കമുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്യാമ്പസിനകത്ത് നിന്ന് കല്ലേറ് കിട്ടിയെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയും ആക്രമിക്കുകയുമായിരുന്നു.