28 November, 2019 06:55:07 AM


തിരുവനന്തപുരം നഗരമധ്യത്തിലെ വീട്ടില്‍ തീപിടിത്തം; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍



തിരുവനന്തപുരം: പി.എം.ജി.ക്കു സമീപം വികാസ് ലെയ്‌നിലെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രി 10-ന് വീടിന്റെ മുകൾനിലയിൽനിന്നു തീയും പുകയും ഉയരുന്നതുകണ്ട് പരിസരവാസികളാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചത്. വൈദ്യുതി ബോർഡിലെ റിട്ടയേർഡ് ചീഫ് എൻജിനീയർ എ.ജയലത സ്റ്റാൻലി ജോസും ഭർത്താവുമാണ് ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ മുകൾനിലയിൽ പിൻവശത്തുള്ള കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വീടിന്റെ വാതിൽ പൊളിച്ചാണ് ഉള്ളിൽ കടന്നത്. 


തീപിടിച്ച മുറിയും അകത്തുനിന്നു പൂട്ടിയിരുന്നു. ജനാലവഴി വെള്ളം ചീറ്റിയശേഷം കിടപ്പുമുറിയുടെ കതക് പൊളിച്ചാണ് ഉള്ളിൽ കടന്നത്. കട്ടിലിൽ കമഴ്ന്നുകിടന്ന നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നില്ല. പൂർണമായും കരിഞ്ഞിരുന്നു. അകത്തെ മുറികൾ പലതും പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളിൽ മറ്റാരെങ്കിലും അകപ്പെട്ടിട്ടുേണ്ടായെന്ന സംശയത്തിലായിരുന്നു പോലീസ്. വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ അഗ്നിരക്ഷാസേനയുടെ ടോർച്ചുകൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്.


നാലുവർഷമായി വികാസ് ലെയ്‌നിലെ വി.എൽ-5 എന്ന വീട്ടിൽ ഇവർ താമസിച്ചിരുന്നെങ്കിലും പരിസരവാസികളുമായി ബന്ധം പുലർത്തിയിരുന്നില്ല. ദമ്പതിമാർക്ക്‌ ഒരു മകൾ ഉള്ളതായി അയൽവാസികൾ പറയുന്നു. ആറുമാസം മുമ്പാണ് ജയലത വിരമിച്ചത്. നെയ്യാറ്റിൻകര തൊഴുക്കൽ കണ്ണവിള സ്വദേശിനിയാണ് ജയലത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K