24 November, 2019 08:38:54 PM


തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദുബായ് മാതൃക; മൊബൈല്‍ ആപ്പും തയ്യാറാകുന്നു



തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആറു മാസത്തിനകം ദുബായ് മാതൃകയില്‍ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം നടപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നഗരത്തെ ആറ് മേഖലകളായി തിരിച്ച് പെട്രോളിങ് നടത്താന്‍ 'ചീറ്റ സ്ക്വാഡ്' എന്ന പേരില്‍ പൊലീസ് സംഘത്തെ നിയോഗിക്കും. ഗതാഗതനിയമ ലംഘനങ്ങള്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കും. തലസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് ഡിജിപി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.


ജനുവരി ഒന്നോടെ മൊബൈല്‍ ആപ്പ് തയ്യാറാക്കും. നിയമലംഘനം കണ്ടാല്‍ ഇതുപയോഗിച്ച് ഫോട്ടോ എടുക്കാം. ഈ ഫോട്ടോ കണ്‍ട്രോള്‍ റൂമില്‍ എത്തുകയും പൊലീസ് തുടര്‍നടപടിയെടുക്കുകയും ചെയ്യും. ട്രാഫിക് നിയന്ത്രണം 30 സെക്ടറുകളായി തിരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഓരോ സെക്ടറിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നോഡല്‍ ഓഫിസര്‍ ഉണ്ടാകും. 


നഗരപരിധിയില്‍ പത്തുലക്ഷം വാഹനങ്ങളുണ്ടെന്നും അവയ്ക്ക് സഞ്ചരിക്കാന്‍ മതിയായ റോഡുകള്‍ ഇല്ലെന്നും ഡിജിപി പറഞ്ഞു. നിലവിലെ അടിസ്ഥാനസൗകര്യം ഉപയോഗിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുളള ശ്രമത്തിന്‍റെ ഭാഗമായാണ് ദുബായ് മാതൃകയില്‍ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം കൊണ്ടുവരുന്നത്. ഇതിന്‍റെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. നഗരത്തില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും പ്രത്യേക സ്ക്വാഡ് രൂപീകരിക്കും.


നഗരത്തെ ഗതാഗതക്കുരുക്കിലാക്കുന്ന പ്രകടനങ്ങള്‍ നിയന്ത്രിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത റസിഡന്‍സ് അസോസയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഫുട്പാത്ത് കയ്യേറ്റത്തിലും പാര്‍ക്കിങ് സൗകര്യമില്ലാതെ പ്രവര്‍ത്തനം തുടങ്ങുന്ന വ്യാപാരസ്ഥാപനങ്ങളുടെ കാര്യത്തിലും നടപടി വേണമെന്നും ആവശ്യമുയര്‍ന്നു.  പ്രകടനങ്ങള്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്ന് യോഗത്തില്‍ സംസാരിച്ച ഡിസിപി ആര്‍.ആദിത്യ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K