15 November, 2019 01:02:54 PM
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ വീട്ടില്‍ സീലോടു കൂടിയ പൂരിപ്പിക്കാത്ത സര്‍വകലാശാലാ മാര്‍ക്ക്‌ലിസ്റ്റുകള്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസ് മുഖ്യപ്രതിയുടെ വീട്ടില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡിൽ കേരളാ സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തി. കേസിലെ മുഖ്യപ്രതി സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്നാണ് സീലോടു കൂടിയ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചെടുത്തത്.
തിരുവനന്തപുരം വിമാനത്താവളം വഴി വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയും അടക്കമുള്ളവര്‍ 720 കിലോ സ്വര്‍ണ്ണം കടത്തിതെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയത്. ജൂണ്‍ 14 നാണ് ഡിആര്‍ഐ വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലെ വീട് റെയ്ഡ് ചെയ്യുന്നത്. റെയ്ഡില്‍ കേരളാ സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തിയെന്ന് ഡിആര്‍ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്.
ഒപ്പിട്ട സീലോടു കൂടിയ പൂരിപ്പിക്കാത്ത ഏഴ് മാര്‍ക്ക് ലിസ്റ്റുകളാണ് റെയ്ഡില്‍ കണ്ടെത്തിയത്. അതേസമയം, മാര്‍ക്ക്‌ലിസ്റ്റുകള്‍ എങ്ങനെ ലഭിച്ചുവെന്നതില്‍ വിഷ്ണുവില്‍ നിന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സമഗ്രമായ അന്വേഷണം തേടി ഉന്നത പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തുനല്‍കാന്‍ ഒരുങ്ങുകയാണ് ഡിആര്‍ഐ