12 November, 2019 03:52:16 PM


കെ.ശ്രീകുമാര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍; തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്ത്



തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി കെ.ശ്രീകുമാറിനെ തിരഞ്ഞെടുത്തു. രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ ബിജെപിയുടെ എം.ആര്‍.ഗോപന്‍, യുഡിഎഫിന്‍റെ ഡി.അനില്‍ കുമാര്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് സിപിഎമ്മിന്റെ ശ്രീകുമാര്‍ വിജയിച്ചത്. മേയറായിരുന്ന വി.കെ.പ്രശാന്ത് എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കായിരുന്നു തിരഞ്ഞെടുപ്പ്.


ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനായ കെ.ശ്രീകുമാര്‍ സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ്. മൂന്നു സ്ഥാനാര്‍ഥികള്‍ ഉണ്ടായതിനാല്‍ രണ്ടു റൗണ്ടുകളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടുകിട്ടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഡി.അനില്‍കുമാറിനെ ഒഴിവാക്കി.പിന്നീട് നടന്ന രണ്ടാം റൗണ്ടില്‍ കെ ശ്രീകുമാറും  ബിജെപി.യിലെ എം ആര്‍ ഗോപനും  തമ്മിലായി മത്സരം.


ആദ്യ റൗണ്ടില്‍ ആകെ 99 പേര്‍ വോട്ടുചെയ്തതില്‍ കെ ശ്രീകുമാറിന് 42 വോട്ടും എം ആര്‍ ഗോപന് 35 വോട്ടും ഡി അനില്‍കുമാറിനു 20 വോട്ടും ലഭിച്ചു. മൂന്ന് വോട്ട് അസാധുവായി.കോണ്‍ഗ്രസ് അംഗം സി ഓമന, ബിജെപി അംഗം ജ്യോതി സതീഷ്,  സ്വതന്ത്ര  അംഗം എന്‍ എസ് ലതാകുമാരി  എന്നിവരുടെ വോട്ടാണ് അസാധുവായത്. സ്വതന്ത്ര അംഗം ആര്‍ക്കും വോട്ട് ചെയ്തില്ല. രണ്ടാം റൗണ്ടില്‍ ശ്രീകുമാറിന് 42 വോട്ടും എം ആര്‍ ഗോപന് 34 വോട്ടും കിട്ടി. .തുടര്‍ന്ന് ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K