26 October, 2019 11:43:17 AM


അറബിക്കടലില്‍ 'ക്യാര്‍' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു : കനത്ത മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്




തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം 'ക്യാര്‍' എന്ന പേരിലുള്ള ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ക്യാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതോടെ ഇന്ന് മധ്യ, വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ചുഴലിക്കാറ്റ് ഇന്നത്തോടെ ശക്തിപ്രാപിച്ച്‌ അതിതീവ്ര ചുഴലിക്കാറ്റാവുമെന്നാണ് കണക്കാക്കുന്നത്. 


അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 7 കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റ് സിസ്റ്റത്തിലെ കാറ്റിന്‍റെ പരമാവധി വേഗതയിപ്പോള്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്. ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K