16 October, 2019 02:41:01 AM


പൊലീസ് സംഘടനാ നേതാക്കള്‍ മദ്യലഹരിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ചതായി ആരോപണം



തിരുവനന്തപുരം: പൊലീസ് സംഘടനകളുടെ ജില്ലാ നേതാക്കളായ രണ്ടു പേര്‍ മദ്യലഹരിയില്‍ ഓട്ടോ ഡ്രൈവറെ നന്ദാവനം എ.ആര്‍ ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചെന്ന പരാതി പൊലീസ് ഒതുക്കിത്തീര്‍ത്തതായി ആരോപണം. സിസി ടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടായിട്ടും ഓട്ടോ ഡ്രൈവറെ മ്യൂസിയം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയായിരുന്നുവത്രേ.


മലയന്‍കീഴ് സ്വദേശി നിതിനാണ് പൊലീസ് നേതാക്കളുടെ കൈക്കരുത്തിന് ഇരയായത്. പൊലീസ് അസോസിയേഷന്‍, പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളാണ് പൊലീസുകാര്‍. കഴിഞ്ഞ 12ന് സന്ധ്യയ്ക്കായിരുന്നു സംഭവം. സംഘടനാ നേതാക്കള്‍ എ.ആര്‍ ക്യാമ്ബിനു മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അതുവഴി ഓട്ടോ ഓടിച്ചെത്തിയ നിതിനെ, വണ്ടിക്ക് വേഗം കൂടുതലാണെന്നു പറഞ്ഞ് തടഞ്ഞുനിര്‍ത്തി ക്യാമ്പിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. മറ്റു പൊലീസുകാര്‍ ഇടപെട്ടാണ് നിതിനെ വിട്ടയച്ചത്.


സംഭവത്തെക്കുറിച്ച്‌ നിതിന്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ എ.ആര്‍. ക്യാമ്ബിനടുത്തുള്ള ഹാളിനു മുന്നിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മര്‍ദ്ദിച്ചത് പൊലീസ് സംഘടനാ നേതാക്കളാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ, 'പ്രതികളായ' പൊലീസ് നേതാക്കളെക്കൊണ്ട് ഓട്ടോ‌ ഡ്രൈവര്‍ക്കെതിരെ പരാതി എഴുതിവാങ്ങി. അമിതവേഗത്തില്‍ ഓട്ടോ ഓടിച്ച്‌ തങ്ങളെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

ഇന്നലെ മ്യൂസിയം സി.ഐ സംഘടനാ നേതാക്കളെയും ഓട്ടോഡ്രൈവറെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി, രണ്ടു കേസും രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്ന് മുന്നറിയിപ്പു നല്‍കി.


പൊലീസുകാരെ ഓട്ടോ ഇടിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി ഗൗരവമുള്ളതാണെന്നും, മര്‍ദ്ദനം സംബന്ധിച്ച പരാതി പിന്‍വലിക്കുന്നതാണ് നല്ലതെന്നും മ്യൂസിയം പൊലീസ് ഓട്ടോഡ്രൈവറെ ഉപദേശിച്ചുവത്രേ. ഭയന്നുപോയ ഓട്ടോ ഡ്രൈവര്‍ തന്നെ ആരും ദേഹോപദ്രവം ഏല്പിച്ചിട്ടില്ലെന്ന് എഴുതി നല്‍കുകയും ചെയ്തു. പരാതി പിന്‍വലിച്ച ശേഷം ഓട്ടോഡ്രൈവര്‍ക്ക് പണം നല്‍കിയതായും വിവരമുണ്ട്. പരാതിയില്ലെന്ന് രണ്ടു കൂട്ടരും എഴുതി നല്‍കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K