03 October, 2019 10:17:41 PM
സ്വാമി അഗ്നിവേശിനെ ആക്രമിച്ച സംഭവം: 50 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: സ്വാമി അഗ്നിവേശിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ 50 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൂജപ്പുര പോലീസാണ് കേസെടുത്തത്.
തിരുവനന്തപുരം പൂജപ്പുരയില്‍ വൈദ്യമഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സ്വാമി അഗ്നിവേശിനെതിരെ കയ്യേറ്റ ശ്രമമുണ്ടായത്. സ്വാമി ഹിന്ദുവിരുദ്ധനാണെന്ന് ആരോപിച്ചായിരുന്നു കയ്യേറ്റ ശ്രമം. ഹിന്ദുവിരുദ്ധനെന്ന് മുദ്രാവാക്യം വിളിച്ചാണ് തന്നെ ആക്രമിച്ചതെന്ന് സ്വാമി വെളിപ്പെടുത്തിയിരുന്നു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ കേരളത്തില്‍ നിന്ന് നേരിട്ട സംഭവം ഞെട്ടലുളവാക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
സംഘപരിവാര്‍ വിമര്‍ശകനായ സ്വാമി അഗ്നിവേശിനെതിരെ നേരത്തെയും ആക്രമണമുണ്ടായിട്ടുണ്ട്. നേരത്തെ ജാര്‍ഖണ്ഡില്‍ വച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ച് ആര്‍.എസ്.എസ്, ബി.ജെ.പി, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് അഗ്നിവേശിനെ ആക്രമിച്ചത്