28 September, 2019 06:16:02 PM
കൈക്കൂലി കൊടുത്തില്ലെങ്കിൽ ഫയൽ പൂഴ്ത്തിവയ്ക്കും; അതാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സരിതയുടെ രീതി
തിരുവനന്തപുരം: കൈക്കൂലി കൊടുത്തില്ലെങ്കിൽ ഫയൽ പൂഴ്ത്തിവയ്ക്കും. അതാണ് വനിതാ ഹെൽത്ത് ഇൻസ്‌പെക്ടറായ സരിതയുടെ രീതി. അപേക്ഷയുമായെത്തിയ പ്രവാസിയോട് അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട നഗരസഭയുടെ ജഗതി ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സരിതയെ (37) വിജിലൻസ് കസ്റ്റഡിയില്‍ എടുത്തു. പ്രവാസി ഷിബുകൃഷ്ണൻ, വഴുതക്കാട് തുടങ്ങുന്ന ഇന്റീരിയർ ഡെക്കറേഷൻ ഓഫീസിന് ലൈസൻസ് നൽകുന്നതിനാണ് ഇവർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
പണം നൽകാതെ അനുമതി നൽകില്ലെന്നു ശഠിച്ചതോടെ സംരംഭകൻ വിജിലൻസിനെ സമീപിച്ചു. ദക്ഷിണമേഖലാ സൂപ്രണ്ട് ജയശങ്കറിന്റെ നേതൃത്വത്തിലാണ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചത്. 27-ന് വൈകീട്ട് നാലിന് കൈക്കൂലിയുമായി എത്താൻ സരിത നിർദേശിച്ചിരുന്നു. ഇതുപ്രകാരം പണം കൈമാറവേയാണ് അറസ്റ്റ്. വിജിലൻസ് ദക്ഷിണ മേഖല ഡിവൈ.എസ്.പി. അനിലിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് കൈക്കൂലി വാങ്ങുന്നതിനിടെ സരിതയെ പിടികൂടിയത്.