27 September, 2019 01:32:19 PM
ശുചീകരണ തൊഴിലാളി നിയമനത്തിൽ അഴിമതി; തിരുവനന്തപുരം മേയർക്കെതിരെ പരാതിയുമായി ബിജെപി
തിരുവനന്തപുരം: താത്ക്കാലിക ശുചീകരണ തൊഴിലാളികളെ നിയമിച്ചതിൽ മേയർ വി.കെ. പ്രശാന്ത് സ്വീകരിച്ച നടപടിയിൽ അഴിമതിയുണ്ടെന്നു ചൂണ്ടിക്കാട്ടി ബിജെപി കൗണ്‍സിലർ എം.ആർ. ഗോപൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ലഭിച്ച 1257 പേരുടെ ലിസ്റ്റിൽ നിന്നും 384 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയാണു നഗരസഭ നടപടി സ്വീകരിച്ചത്.
384 പേരുടെ പേരോ, വിലാസമോ, അവർക്കു ലഭിച്ച ഇന്റർവ്യൂ മാർക്കോ, സ്കിൽ ടെസ്റ്റ് മാർക്ക് എന്നിവയോ അജണ്ടയിൽ രേഖപ്പെടുത്തിയില്ല. ആരൊക്കെയാണ് 384 പേരെന്നും വെളിപ്പെടുത്തിയില്ല. കഴിഞ്ഞ മാസം 30 നു നടന്ന കൗണ്‍സിൽ യോഗത്തിൽ ഈ വിഷയത്തിൽ 32 കൗണ്‍സിലർമാർ വിയോജനക്കുറിപ്പു നൽകിയിട്ടും മേയർ ഏകപക്ഷീയമായി ഇതു പാസാക്കുകയായിരുന്നെന്നാണു ബിജെപിയുടെ ആരോപണം.
അർഹതപ്പെട്ടവരെ മാറ്റി നിർത്തി സിപിഎമ്മിന്റെ അറിവോടെയാണ് മേയർ വി.കെ. പ്രശാന്ത് ഇത്തരത്തിലുള്ള ഒരു അഴിമതിക്കു നേതൃത്വം നൽകിയത്. നിയമന അധികാരം ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി മുഖേനയാണു വരേണ്ടതെന്നിരിക്കെ ഔദ്യോഗിക കാര്യങ്ങളിൽ ഉൾപ്പെടുത്തിയാണ് വിഷയം മേയർ കൗണ്‍സിൽ ഉന്നയിച്ചത്. വിഷയം വോട്ടിനിടമെന്ന് ഭൂരിഭാഗം കൗണ്‍സിലർമാരും ആവശ്യപ്പെട്ടിട്ടും മേയർ അനുവദിച്ചിരുന്നില്ലെന്നും എം.ആർ. ഗോപൻ വിജിലൻസിനു നൽകിയ പരാതിയിൽ പറയുന്നു.