02 September, 2019 12:51:50 PM
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് ബിജെപി സ്ഥാനാര്‍ഥിയായേക്കും
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് ബിജെപി സ്ഥാനാര്‍ഥിയാവണമെന്ന് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം. കുമ്മനത്തിന്റെ പേര് ഒന്നാമതായി നിര്‍ദേശിച്ച പട്ടിക മണ്ഡലം കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പു സമിതിക്കു കൈമാറി. കുമ്മനം ഉള്‍പ്പെടെ ആറു പേരുടെ പട്ടികയാണ് മണ്ഡലം കമ്മിറ്റി കൈമാറിയിട്ടുള്ളത്. ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷാണ് പട്ടികയില്‍ രണ്ടാമത് ഉള്ളത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയിരിക്കെ മിസോറം ഗവര്‍ണര്‍ ആയി നിയമിതനായ കുമ്മനം, സ്ഥാനം രാജിവച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നു.തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിനോടു പരാജയപ്പെട്ടെങ്കിലും മികച്ച പ്രവര്‍ത്തനമാണ് കുമ്മനം കാഴ്ചവച്ചത്. ഇത് ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലിയിരുത്തുന്നത്.
വിവി രാജേഷ്, ജെ.ആര്.പദ്മകുമാര്‍, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രന് എന്നിവരുടെ പേരുകളും മണ്ഡലം കമ്മിറ്റി മുന്നോട്ടുവച്ച പട്ടികയിലുണ്ട്. ഇതില്‍ മൂന്ന് പേരുകളാകും സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തിന് അയക്കുക. കെ. മുരളീധരന് പാര്‍ലമെന്റ് അംഗമായ ഒഴിവിലാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. കഴിഞ്ഞ തവണ മുരളീധരനോടു മത്സരിച്ച കുമ്മനം രണ്ടാമത് എത്തിയിരുന്നു.