13 August, 2019 11:21:59 AM
അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ കളക്ടര്‍
തിരുവനന്തപുരം: അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. 50 സെന്‍റിമീറ്റര്‍ വീതമാണ് ഓരോ ഷട്ടറുകളും തുറന്നത്. ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായാണ് ഷട്ടറുകള്‍ തുറന്നത്.
നെയ്യാർ ഡാമിന്‍റെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ഡാമിന്‍റെ നാല് ഷട്ടറുകൾ ഒരിഞ്ച് വീതമാണ് തുറന്നത്. കനത്ത മഴ പെയ്താൽ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.നിലവില്‍ 82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി.
ഡാമുകളില്‍ നിന്ന് നേരിയ തോതിൽ മാത്രം വെള്ളം തുറന്നു വിടുന്നതിനാൽ ജലാശയങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.