25 July, 2019 10:49:26 AM
യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധം; ഗതാഗത കുരുക്കിൽ വീര്‍പ്പുമുട്ടി തലസ്ഥാന നഗരം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അടക്കമുള്ള വിഷയങ്ങളിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തെ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. സെക്രട്ടറിയേറ്റിലെ കൻഡോൺമെന്‍റ് ഗേറ്റിന് മുന്നിലൊഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളിലും യുഡിഎഫ് പ്രവർത്തകർ ഉപരോധ സമരം നടത്തുകയാണ്. സെക്രട്ടേറിയേറ്റിലേക്കുള്ള മുഴുവൻ റോഡുകളും പൊലീസ് അടച്ചതിനാൽ നഗരം മുഴുവൻ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.
വലിയ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് നഗരത്തിൽ ഒരുക്കിയിട്ടുള്ളത്. സെക്രട്ടേറിയേറ്റിലേക്ക് കാൽനടയാത്രകാരെ പോലും കടത്തിവിടുന്നില്ല. തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷം മാത്രമാണ് സെക്രട്ടേറിയേറ്റ് ജീവനക്കാരെയും കടത്തിവിടുന്നത്. സ്കൂൾ കുട്ടികളെ കൊണ്ടുവിടാൻ പോകുന്നവരെ പോലും സെക്രട്ടേറിയേറ്റ് പരിസരത്ത് കടത്തിവിടുന്നില്ല. സെക്രട്ടേറിയേറ്റിന് മുന്നിലൂടെ കടന്നു പോകുന്ന മന്ത്രിമാരുടെ വാഹനങ്ങൾ തടഞ്ഞുവയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് വൻ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയത്.