18 July, 2019 05:14:12 AM
മൊഴി നൽകാന്‍ പേടി: എസ്എഫ്ഐ പ്രവര്‍ത്തകരുടെ മാനസിക പീഡനത്തിൽ കേസിനില്ലെന്ന് നിഖില
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ മൊഴി നൽകാനില്ലെന്ന് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മാനസിക പീഡനത്തിൽ മനംനൊന്ത് ടിസി വാങ്ങിപ്പോയ വിദ്യാര്‍ത്ഥിനി. ഭീഷണി നിലനിൽക്കുന്നത് കൊണ്ട് മൊഴി നൽകാൻ പേടിയാണ്. കേസുമായി മുന്നോട്ട് പോകാൻ ഇനി ഇല്ലെന്നും വിദ്യാര്‍ത്ഥിനി നിലപാടെടുത്തു.
പരീക്ഷ ക്രമക്കേടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് പെൺകുട്ടി ഉന്നയിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു നീക്കം.
പെൺകുട്ടി വലിയതോതിൽ മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ജുഡിഷ്യൽ അന്വേഷണ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് പി കെ ഷംസുദ്ദീൻ കണ്ടെത്തിയിരുന്നത്. കോളേജിൽ മറ്റൊരു വിദ്യാർഥി സംഘടനയെയും പ്രവർത്തിക്കാൻ എസ്എഫ്ഐ അനുവദിക്കില്ലെന്നും തികഞ്ഞ അരാജകത്വമാണ് യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. സമരങ്ങളിൽ പങ്കെടുക്കാൻ തയ്യാറാകാത്തതിന്‍റെ പേരിൽ എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നുമുണ്ടായ സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്യുന്നുതെന്ന് എഴുതിവച്ചായിരുന്നു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.