16 July, 2019 10:48:06 AM
ആര്‍ട്സ് കോളേജിലും വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്ഐ നേതാക്കളുടെ ഭീഷണി ; ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: തൈക്കാട് ആര്‍ട്സ് കോളേജിലും എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ ആരോപണം. വനിതാമതിലിന്‍റെ പ്രചരണത്തില്‍ പങ്കെടുക്കാതിരുന്ന വിദ്യാര്‍ത്ഥിനികളെ യൂണിയന്‍ നേതാക്കള്‍ ചോദ്യം ചെയ്യുകയും ഭീഷണി മുഴക്കുകയും ചെയ്തു എന്നാരോപിക്കപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവം എസ്എഫ്ഐ യെ പ്രതിരോധത്തിലാക്കിയിരിക്കെയാണ് പുതിയ ആരോപണം.
പ്രചാരണപരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് പെണ്‍കുട്ടികളോട് വിശദീകരണം ചോദിക്കുന്നതും അവര്‍ പറയുന്ന മറുപടിയില്‍ തൃപ്തിപ്പെടാതെ ആണ്‍കുട്ടികള്‍ പ്രതികരിക്കുന്നതുമാണ് ശബ്ദരേഖയിലുള്ളത്. പഠിക്കാനാണ് വരുന്നതെങ്കില്‍ പഠിച്ചിട്ട് പോകുക മാത്രമേ ചെയ്യാവൂ എന്നും വേറൊരു പരിപാടിയിലും പങ്കെടുക്കരുതെന്നും പെണ്‍കുട്ടികളോട് നേതാക്കന്മാര്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നതാണ് കേള്‍ക്കുന്നത്. എസ്എഫ്ഐയുടെ യൂണിറ്റ് മുറിയില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍.
മുന്‍കാലങ്ങളായിരുന്നെങ്കില്‍ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍ കോളേജില്‍ നിന്ന് തന്നെ പുറത്താക്കാറുണ്ടായിരുന്നെന്ന സൂചനയും ശബ്ദരേഖയിലുണ്ട്. യൂണിയൻ ചെയർമാൻ സമീറിന്‍റെ നേതൃത്വത്തിലാണ് ഭീഷണി മുഴക്കിയതെന്നും അധ്യാപകരോട് പറഞ്ഞിട്ട് പ്രയോജനമില്ലെന്നുമാണ് വിദ്യാര്‍ത്ഥികൾ പറയുന്നത്. യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുള്ളത്