08 July, 2019 06:37:53 PM


വീണ്ടും എടിഎം തട്ടിപ്പ്: തിരുവനന്തപുരം സ്വദേശിയുടെ 40,000 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി



തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. എസ്ബിഐയുടെ തിരുവനന്തപുരം പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടിൽ നിന്ന് 40,000 രൂപ നഷ്ടമായെന്നാണ് പരാതി. പള്ളിപ്പുറം പാച്ചിറ സ്വദേശി റഹ്മത്തുള്ളയാണ് പരാതി നൽകിയത്. രണ്ട് തവണയായാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. ഫോണിൽ മെസേജ് വന്നപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞതെന്നും ഉടൻ ബാങ്കുമായി ബന്ധപ്പെട്ടുവെന്നും റഹ്മത്തുള്ള പറയുന്നു.


മുംബൈയിലുള്ള എടിഎം വഴി ആരോ പണം പിൻവലിച്ചതായി മനസിലായി എന്നും ഒടിപിയോ പിൻ നമ്പരോ ആവശ്യപ്പെട്ട് ആരും വിളിച്ചില്ലെന്നും റഹ്മത്തുള്ള പറഞ്ഞു. പെൻഷൻ പണം എടിഎം വഴി പിൻവലിച്ചതല്ലാതെ മറ്റ് ഓൺലൈൻ ഇടപാടുകളൊന്നും ഈ മാസം നടത്തിയിട്ടില്ലെന്നും റഹ്മത്തുള്ള പറയുന്നു. സംഭവത്തെക്കുറിച്ച് മംഗലപുരം പൊലീസ് അന്വേഷണമാരംഭിച്ചു. നേരത്തെ സംസ്ഥാനത്ത് നടന്ന എടിഎം തട്ടിപ്പുകൾക്ക് സമാനമാണോ ഈ പരാതിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K