03 July, 2019 12:02:22 PM


ആലപ്പുഴയുടെ മണ്ണില്‍ ഇനി ട്രയിനും ജനിക്കും; ബോഗി നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ചേര്‍ത്തലയിലേക്കും



ആലപ്പുഴ: ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനത്തിന് റെയില്‍വെ ബോഗി നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചു. ചേര്‍ത്തല ഓട്ടോകാസ്റ്റിനാണ് ഇന്ത്യന്‍ റെയില്‍വേയുടെ ബോഗികള്‍ നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചത്. ഉത്തര റെയില്‍വെയുടെ ബോഗി നിര്‍മ്മാണത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുത്താണ് ഓട്ടോകാസ്റ്റ് ഓര്‍ഡര്‍ സ്വന്തമാക്കിയത്. 


തുടക്കത്തില്‍ നിലവിലെ ടെണ്ടറില്‍ സൂചിപ്പിച്ചതില്‍ അഞ്ച് ശതമാനം ബോഗി നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ മാത്രമേ ഓട്ടോകാസ്റ്റിനു ലഭിക്കൂ. റെയില്‍വെ നിശ്ചയിച്ച നിലവാരത്തില്‍ ബോഗി നിര്‍മ്മിച്ചു നല്‍കിയാല്‍ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ യോഗ്യത നേടാം. തുടര്‍ന്ന് 20 ശതമാനം ബോഗികള്‍ നിര്‍മ്മിക്കാം. ഈ 20 ശതമാനം ബോഗികളും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ ഒന്നാമതെത്തിയാല്‍ ടെന്‍ഡറില്‍ പറയുന്ന മുഴുവന്‍ ബോഗികളും നിര്‍മ്മിക്കാന്‍ സാധിക്കും.


ഉത്തര റെയില്‍വെ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണ് ആവശ്യമായ കാസ്‌നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിര്‍മ്മിക്കുക. ഉത്തര റെയിവേ അധികൃതരുമായി ഓട്ടോകാസ്റ്റ് അധികൃതര്‍ കൂടിക്കാഴ്ച നടത്തി. റെയിൽവേയുടെ ഗുണപരിശോധന വിഭാഗമായ റിസർച്ച് ഡിസൈൻ ആൻഡ‌് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷന്‍റെ (ആർഡിഎസ്ഒ) ക്ലാസ് എ ഫൗണ്ടറി' അംഗീകാരം  ഈ മാര്‍ച്ചിലാണ് ഓട്ടോകാസ്റ്റ് സ്വന്തമാക്കിയത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടോകാസ്റ്റിൽ ബോഗി നിർമിച്ചിട്ടുണ്ട്. 1984ലാണ് ചേര്‍ത്തലയില്‍ ഓട്ടോകാസ്റ്റ് സ്ഥാപിതമാകുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K