07 June, 2019 09:22:36 PM


വിരുദ്ധ മൊഴികൾ: ബാലഭാസ്കറുടെ മരണത്തില്‍ പ്രകാശന്‍ തമ്പിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി



തിരുവനന്തപുരം: ബാലഭാസ്കറുടെ മരണത്തില്‍ പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ശനിയാഴ്ച കാക്കനാട് ജയിലില്‍ മൊഴിയെടുക്കും. ബാലഭാസ്കറിന്റെ സുഹൃത്തായിരുന്ന തമ്പി സ്വര്‍ണക്കടത്ത് കേസിലാണ് റിമാന്‍ഡിൽ കഴിയുന്നത്. 


ബാലഭാസ്കറും കുടുംബവും അപകടത്തിന് മുന്‍പ് ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശന്‍ തമ്പി കൈക്കലാക്കിയെന്നാണ് മൊഴി. ദൃശ്യങ്ങള്‍ പരിശോധിച്ചെന്ന് പ്രകാശന്‍ തമ്പി സമ്മതിച്ചിരുന്നതായും ക്രൈംബ്രാഞ്ച് പറഞ്ഞു. എന്നാല്‍ പൊലീസല്ലാതെ മറ്റാരെങ്കിലും ദൃശ്യം ശേഖരിച്ചതായി മൊഴി നല്‍കിയിട്ടില്ലെന്ന് കടയുടമ മാധ്യമങ്ങളോട് പറഞ്ഞു.


അപകടത്തില്‍പെടുന്നതിന് മുന്‍പ് ബാലഭാസ്കറും കുടുംബവും കൊല്ലം പള്ളിമുക്കില്‍ നിന്ന് ജ്യൂസ് കുടിച്ചിരുന്നു. ഈ കടയുടെ ഉടമ ഷംനാദില്‍ നിന്ന് ബാലഭാസ്കറിന്റെ പ്രോഗ്രാം കോഓർഡിനേറ്ററും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശന്‍ തമ്പിക്കെതിരെ നിര്‍ണായക മൊഴി ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നത്. അപകടമുണ്ടായി നാലു ദിവസം കഴിഞ്ഞ് പ്രകാശന്‍ തമ്പിയെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നാണ് മൊഴി. എന്നാല്‍ മൊഴിയുടെ വിവരങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ ഷംനാദ് അത് നിഷേധിച്ചു. 


പ്രകാശന്‍ തമ്പിയെ അറിയില്ലെന്നും ക്രൈംബ്രാഞ്ചല്ലാതെ മറ്റാരും ദൃശ്യങ്ങള്‍ ശേഖരിച്ചില്ലെന്നുമാണ് ഷംനാദ് പിന്നീട് പറഞ്ഞത്. ഷംനാദ് കള്ളം പറയുകയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഷംനാദിന്റെ മൊഴിയനുസരിച്ച് പ്രകാശന്‍ തമ്പിയെയും ചോദ്യം ചെയ്തിരുന്നു. ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും അത് അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചതെന്ന് അറിയാനായിരുന്നുവെന്നും തമ്പി സമ്മതിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശന്‍ തമ്പി പ്രതിയാകുന്നതിനും മുന്‍പായിരുന്നു ചോദ്യം ചെയ്യല്‍. പുതിയ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ നിര്‍ണായകമായതിനാല്‍  അവ വീണ്ടെടുക്കാനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K