07 June, 2019 05:38:16 PM


കോട്ടൂര്‍ ആന പുരധിവാസ കേന്ദ്രം നവീകരിക്കുന്നു; നിർമ്മാണം രണ്ട് ഘട്ടങ്ങളായി




തിരുവനന്തപുരം: കോട്ടൂര്‍ ആന  പുരധിവാസ കേന്ദ്ര നവീകരണ നിര്‍മ്മാണോദ്ഘാടനത്തിന്‍റെ സ്വാഗത സംഘം രൂപീകരിച്ചു. രണ്ടു ഘട്ടങ്ങളിലായി 108 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ നവീകരിക്കുന്ന കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഈ മാസം 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.


ഇതിനായി വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു മുഖ്യരക്ഷാധികാരിയും എം പിമാരായ അടൂര്‍ പ്രകാശ് , ഡോ ശശി തരൂര്‍, സി കെ ഹരീന്ദ്രന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകൂമാരി എന്നിവര്‍ രക്ഷാധികാരികളുമായി സ്വാഗത സംഘം രൂപീകരിച്ചു. കെ എസ് ശബരീനാഥന്‍ എം എല്‍ എ ചെയര്‍മാനും കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ മണികണ്ഠന്‍ ജനറല്‍ കണ്‍വീനറുമാണ്. 


വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വൈ എം ഷാജികുമാര്‍ ആണ് ജോയന്റ് കണ്‍വീനര്‍. കോട്ടൂര്‍ ആനപരിപാലന കേന്ദ്രം സ്‌പെഷ്യല്‍  ഓഫീസര്‍ കെ ജെ വര്‍ഗീസ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങിന്റെ നടത്തിപ്പിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വിവിധ കമ്മിറ്റികളും രൂപീകരിച്ചു. യോഗത്തില്‍ എം എല്‍ എ മാരായ സി കെ ഹരീന്ദ്രന്‍, കെ എസ് ശബരീനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി,പഞ്ചായത്ത് പ്രസിഡന്റുമാരായ ജെ മണികണ്ഠന്‍, അജിത,വെല്‍ഡ് ലൈഫ് വാര്‍ഡന്‍ വൈ എം ഷാജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K