05 June, 2019 10:25:08 AM
കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച നാലു പേർ തിരുവനന്തപുരത്ത് അറസ്റ്റിൽ
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായായിരുന്നു അറസ്റ്റ്. 32 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽനിന്ന് മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, കുട്ടികളുടെ വീഡിയോ, ചിത്രങ്ങൾ എന്നിവ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാലു കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
വാട്ട്സാപ്പ് ഗ്രൂപ്പുകൾ ഉൾപ്പടെ സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത വീഡിയോകളിൽ മിക്കതും വിദേശ രാജ്യങ്ങളിൽനിന്ന് അപ്ലോഡ് ചെയ്യുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ഇന്‍റർപോളിന്‍റെ സഹായം തേടും. സൈബർ സെൽ, സൈബർ ഡോം, ഹൈടെക്ക് സെൽ എന്നിവയുടെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.