24 March, 2019 10:22:11 AM


പിഴയില്ല, പകരം ബോധവത്കരണ ക്ലാസ്: തലസ്ഥാനത്ത് 'സീറോ അവർ' പദ്ധതിയുമായി പോലീസ്



തിരുവനന്തപുരം: വാഹന പരിശോധനയിൽ പിടിക്കപ്പെടുന്നവർക്ക് പിഴയ്ക്ക് പകരം ബോധവത്കരണ ക്ലാസ് നടത്താനുള്ള തീരുമാനവുമായി സിറ്റി പോലീസ്. ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കാനുള്ള തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ വ്യത്യസ്തമായ ഈ പദ്ധതി 'സീറോ അവർ' എന്ന പേരില്‍ ഇനി എല്ലാ ദിവസവും ഒരുമണിക്കൂർ നേരം ഉണ്ടാവും.


ഈ ഒരു മണിക്കൂറിൽ ട്രാഫിക് നിയമലംഘനം നടത്തിയാൽ പിഴയില്ല. പകരം ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണം. പങ്കെടുക്കാതെ മുങ്ങിയാൽ നിയമനടപടി നേരിടേണ്ടിവരും. ഇനി ആ മണിക്കൂർ ഏതാണെന്ന് അറിഞ്ഞ് നിമയലംഘനം നടത്താമെന്നാണെങ്കിൽ അതും പറ്റില്ല. കാരണം ഓരോ ദിവസവും വ്യത്യസ്ത സമയങ്ങളിലാകും സീറോ അവർ ഉണ്ടാവുക. ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലെയും പൊലീസ് ഉദ്യോഗസ്ഥർ ഇനി എല്ലാ ദിവസവും ഒരു മണിക്കൂർ വാഹന പരിശോധനയ്ക്കിറങ്ങും.


ട്രിവാൻഡ്രം സിറ്റി വിജിൽ എന്ന പേരിൽ പൊതുജനങ്ങൾക്ക് ട്രാഫിക് നിയമ ലംഘനങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് പൊലീസിന് കൈമാറാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ 9497975000 എന്ന വാട്സ് ആപ്പ് നന്പറിലേക്കാണ് അയക്കേണ്ടത്.എല്ലാ പരാതികളിലും നടപടി ഉറപ്പെന്നും സിറ്റി പൊലീസ് കമ്മീഷണ‌ ഉറപ്പ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K