22 March, 2019 01:30:44 PM
തിരുവനന്തപുരത്ത് 13 കോടിയുടെ ഹാഷിഷ് വേട്ട; ആന്ധ്ര സ്വദേശി അടക്കം അഞ്ച് പേർ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ഹാഷിഷ് വേട്ട. അഞ്ച് പേർ അറസ്റ്റിലായി. കാറിലെത്തിച്ച 13 കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് തിരുവനന്തപുരം വഴി വിദേശത്തേക്ക് കടത്താൻ എത്തിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ആക്കുളത്ത് വെച്ചാണ് കാറിൽ കൊണ്ടുവന്ന ഹാഷിഷ് ഓയിൽ എക്സൈസ് സംഘം പിടിച്ചത്.
കാറിലുണ്ടായിരുന്ന ആന്ധ്ര സ്വദേശി റാംബാബു, തിരുവനനതപുരം സ്വദേശികളായ ഷഫീഖ്, സാജൻ, ഇടുക്കിയിൽ നിന്നുള്ള അനിൽ, ബാബു എന്നിവരാണ് പിടിയിലായത്. എട്ടര ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെത്തി. പ്രതികളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കും. ഇന്നത്തേതടക്കം കഴിഞ്ഞ ഒരു മാസത്തിനിടെ 45 കോടി രൂപയുടെ ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗം വ്യാപകമായ സാഹചര്യത്തിൽ പരിശോധന കൂടുതൽ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് എക്സൈസ്.