21 March, 2019 10:46:21 AM
തിരുവനന്തപുരം സ്വദേശി ജവാന്‍ ഗുജറാത്തില്‍ ഡ്യൂട്ടിക്കിടെ വെടിവച്ച് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഗുജാറാത്തിലെ ജാം നാഗറിലെ പാട്ടാള ക്യാംപില്‍ മലയാളി ജവാന്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ചു ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വി കെ വിശാഖ് കുമാറാണ് (26) മരിച്ചത്. ചെവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിശാഖിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് പുരുഷോത്തമന്‍പിള്ള അത്യാസന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ക്യാംപില്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന വിശാഖ് സര്‍വ്വീസ് ഗണ്‍ ഉപയോഗിച്ച് തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ വൈശാഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പാണ് വിശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. ജമ്മുകാശ്മീരില്‍നിന്നും ഒരു വര്‍ഷം മുമ്പാണ് ജാംനഗറില്‍ എത്തിയത്. രണ്ട് മാസം മുമ്പായിരുന്നു വിവാഹം. മാതാവ് സുലഭ. സഹോദരന്‍ അഭിലാഷ് (ഇന്‍ഡ്യന്‍ ആര്‍മി, ജമ്മുകാഷ്മീര്‍). ഇന്ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയ്ക്കുന്ന മൃതദേഹം പാങ്ങോട് മിലിട്ടറി ക്യംപില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഭരതന്നൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.