18 March, 2019 05:53:28 AM


തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കി




തിരുവനന്തപുരം: ആഴ്ചകള്‍ക്കുള്ളില്‍ മൂന്ന് കൊലപാതകങ്ങള്‍ നടന്ന തലസ്ഥാനത്ത് വീണ്ടും ഗുണ്ടാക്രമണം. ഞായറാഴ്ച രാത്രി ഏഴു മണിക്ക് മേനംകുളത്തെ ഉല്‍സവപറമ്പില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചു. മേനംകുളം സ്വദേശി ഉണ്ണിക്കുട്ടനെയാണ് ബൈക്കില്‍ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മര്‍ദ്ദിച്ചത്. കുപ്രസിദ്ധ ക്രിമിനലായ പഞ്ചായത്ത് ഉണ്ണിയാണ് എതിര്‍ സംഘാംഗമായ ഉണ്ണികുട്ടനെ ആക്രമിച്ചതത്രേ.


ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.  ഉണ്ണിക്കുട്ടനെ ബൈക്കിലെത്തിയ ഉണ്ണിയും സംഘവും മദ്യപിക്കാന്‍ വിളിച്ചെങ്കിലും ഇതില്‍ പന്തികേട് തോന്നി ക്ഷണം നിരസിച്ച ഉണ്ണിക്കുട്ടനെ ബലമായി ബൈക്കില്‍ പിടിച്ചു കയറ്റി കൊണ്ടുപോവുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. പൊലീസിന്‍റെ പിടിയിലാകുമെന്ന് മനസ്സിലായ ഗുണ്ടാസംഘം ഉണ്ണിക്കുട്ടനെ മര്‍ദ്ദിച്ചവശനാക്കി വെട്ടുറോഡില്‍ കൊണ്ടിറക്കി വിടുകയായിരുന്നു. ഉണ്ണിക്കുട്ടനെ പൊലീസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


തട്ടിക്കൊണ്ടു പോയതറിഞ്ഞ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും ഡിസിപി ആര്‍ ആദിത്യയും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. കരമനയില്‍ കഴിഞ്ഞ ദിവസം ലഹരി സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ പൊലീസ് ഗൗരവത്തോടെയാണ് ഈ കേസും അന്വേഷിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K