11 March, 2019 03:26:50 PM


പാറശാലയിൽ സിപിഎം, ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമണം



തിരുവനന്തപുരം: പാറശാലയിൽ സിപിഎം - ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമണം. വീടുകൾ അടിച്ച് തകർത്തു. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ട് നടന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് ആക്രമണം. ഇന്നലെ പാറശാലയിൽ സിപിഎം - ബിജെപി സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. എസ്എഫ്ഐ പാറശാല ഏരിയ പ്രസിഡന്‍റും  ജില്ലാ കമ്മറ്റി അംഗവുമായ അബുവിനാണ് വെട്ടേറ്റത്. മൂന്ന് ബിജെപി പ്രവർത്തകർക്കും നാല് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 


കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബിജെപി തെരഞ്ഞെടുപ്പ് യോഗം നടക്കുമ്പോൾ സിപിഎം പ്രവർത്തകർ പ്രകടനമായി എത്തുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ബിജെപി പ്രവർത്തകരുടെ വാഹനങ്ങളും വീടുകളും അടിച്ച് തകർത്തു. സിപിഎം പ്രവർത്തകരെ വെട്ടിയ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ ദേശീയപാത ഉപരോധിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K