09 March, 2019 08:39:41 AM
നെയ്യാറ്റിന്‍കരയില്‍ റബര്‍ തോട്ടത്തിലെ തീ അണയ്ക്കാന്‍ പോയ വയോധികയ്ക്ക് ദാരുണാന്ത്യം
നെയ്യാറ്റിന്‍കര: വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ പടര്‍ന്നു പിടിച്ച തീ അണയ്ക്കാന്‍ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പെരുങ്കടവിള പഞ്ചായത്തില്‍ പഴമല തെള്ളുക്കുഴി മരുതംകാട് തുണ്ടുവെട്ടി വീട്ടില്‍ പരേതനായ ഗോപാലന്‍റെ ഭാര്യ ഭവാനി അമ്മ (96) ആണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഭവാനിയമ്മയുടെ വീടിന് സമീപത്തെ മറ്റൊരാളുടെ നാല് ഏക്കര്‍ റബ്ബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട ഇവര്‍ തീ അണയ്ക്കാനായി ബക്കറ്റില്‍ വെള്ളവുമായി പോയതായിരുന്നു.
എന്നാല്‍ തീ അണയ്ക്കുന്നതിനിടെ പെട്ടെന്ന് തീ പടര്‍ന്നു പിടിക്കുകയും ഭവനിയമ്മ തീയില്‍ അകപ്പെടുകയുമായിരുന്നു. തീ പടരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് ഭവാനിയമ്മയെ പൊള്ളലേറ്റ നിലിയല്‍ കണ്ടെത്തിയത്. ഉടനെ മാരായമുട്ടം പൊലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പൊലീസ് എത്തുമ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. ഭവാനിയമ്മ ഒറ്റയ്ക്കാണ് താമസം. ഇവരുടെ വീടിന് സമീപത്ത് തന്നെയാണ് മകളുടെ വീടും.