02 March, 2019 05:53:30 PM
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; പിടിച്ചെടുത്തത് 18 ലക്ഷത്തിന്‍റെ സ്വര്‍ണ്ണം
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവുമായി വിമാനയാത്രികന്‍ പിടിയില്‍. 18 ലക്ഷത്തിന്‍റെ സ്വര്‍ണ്ണമാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ സ്വര്‍ണ്ണവേട്ടയില്‍ പിടിച്ചെടുത്തത്. 555 ഗ്രാമോളമുണ്ടായിരുന്നു. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഷീദ് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണ ഉരുപ്പടികളാണ് പിടിച്ചെടുത്തത്. സ്വര്‍ണം കട്ടി കുറഞ്ഞ പേപ്പര്‍ രൂപത്തിലാക്കിയായിരുന്നു കടത്ത്.
ട്രോളി ബാഗിനുള്ളില്‍ തിളങ്ങുന്ന പേപ്പര്‍ പോലെയുള്ള വസ്തു കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇത്രത്തോളം സ്വര്‍ണ്ണം ഒളിപ്പിച്ചത് പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പിടിയിലായ വ്യക്തി സ്വര്‍ണ കടത്ത് സംഘത്തില്‍ പെട്ട ആളാണെന്ന് സംശയിക്കുന്നതായി എയര്‍ ഇന്റലിജന്‍സ് അറിയിച്ചു. യൂണിറ്റ് അസി.കമിഷണര്‍ ദാസ് , സുപ്രണ്ടുമാരായ ജയരാജ്, രാമലക്ഷ്മി, രജീബ്, ഇന്‍സ്പക്ടര്‍ സോനു എന്നിവരായിരുന്നു റെയ്ഡിലുണ്ടായിരുന്നത്.