15 February, 2019 11:59:27 AM


'ഭക്തരുടെ ആരോഗ്യം വച്ചുള്ള കളി വേണ്ട...' ; ആറ്റുകാലിലെ വ്യാപാരികള്‍ക്ക് മേയറുടെ താക്കീത്



തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് നടത്തിയ മിന്നല്‍ പരിശോധനയിൽ കണ്ടെത്തിയത് പഴകിയ സാധനങ്ങള്‍. ആറ്റുകാല്‍ ക്ഷേത്ര പരിസരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലും ജ്യൂസ് കടകളിലും വളരെ പഴക്കം ചെന്ന സാധനങ്ങളാണ് വിറ്റിരുന്നതെന്ന വിവരം തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ  പങ്കുവെച്ചു. 

പൊങ്കാലയോടനുബന്ധിച്ച് ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാലിലേക്ക് എത്തികൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് പഴകിയ ഭക്ഷണ സാധനങ്ങള്‍  നൽകി കൊള്ള ലാഭം കൊയ്യാനാണ് പല കട ഉടമകളും ശ്രമിക്കുന്നത്. പഴകിയ പാല്‍ ഉപയോഗിച്ചാണ് മിക്ക കടകളിലും മില്‍ക്ക് ഷേക്ക് തയ്യാറാക്കുന്നത്. ഹോട്ടലുകളിലെ അവസ്ഥ ഇതിലും മേശമായിരുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഭക്തരുടെ ആരോഗ്യം വെച്ചുകൊണ്ടുള്ള കളി നിര്‍ത്താലാക്കണമെന്ന് കടയുടമകള്‍ക്ക് മേയര്‍ താക്കീതും നല്‍കിയിട്ടുണ്ട്. 


മേയര്‍ വി കെ പ്രശാന്തിന്‍റെ  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

"ആറ്റുകാൽ പരിസരത്ത് ഒരു മിന്നൽ പരിശോധന നടത്തി. പഴക്കം ചെന്ന പാൽ ഉപയോഗിച്ചാണ് മിക്ക കടകളിലും മിൽക്ക് ഷേക്ക് തയ്യാറാക്കുന്നത് എല്ലാത്തിനെയും കൈയ്യോടെ പൊക്കി , ... ഹോട്ടലുകൾ പരിശോധിച്ചപ്പോൾ അതിലും കഷ്ടം ... എല്ലാ കടകൾക്കും നോട്ടീസ് നൽകി ... ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ആറ്റുകാലിൽ അവരുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് സിറ്റി മേയർ എന്ന നിലയ്ക്ക് എന്‍റെ ചുമതലയാണ് ... നിങ്ങളും ജീവിക്കാനാണ് കടകൾ നടത്തുന്നത് എന്നാൽ ഇത്തരത്തിലാവരുത്...

ഹോട്ടൽ, ജ്യൂസ് കടയുടമകളുടെ ശ്രദ്ധയ്ക്ക് വരുമാനം വർദ്ധിപ്പിക്കാൻ ഭക്തരുടെ ആരോഗ്യം വച്ചുള്ള കളി നിർത്തിക്കോ ... ഇതൊരു താക്കീതാണ് ഇനിയും ഇത്തരം പ്രവർത്തികൾ തുടർന്നാൽ ശക്തമായ നടപടിയിലേക്ക് കടക്കേണ്ടി വരും ..."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K