23 January, 2019 02:20:22 PM


തിരുവനന്തപുരം എസ് എ റ്റി ആശുപത്രി ലാബില്‍ രാത്രി ജീവനക്കാര്‍ക്ക് പകരം ബോര്‍ഡ്; ജനങ്ങള്‍ വലയുന്നു



തിരുവനന്തപുരം: ശ്രീ അവിട്ടം തിരുനാള്‍ ഹോസ്പിറ്റലിലെ (എസ് എ റ്റി) ബയോകെമിസ്റ്ററി ലാബില്‍ എത്തുന്ന ആളുകള്‍ വലയുന്നു. രാത്രി സമയങ്ങളില്‍ ഇവിടെ സാമ്പിളുകള്‍ നല്‍കുന്നതിനായി ചെന്നാല്‍ "രാത്രി ടോക്കണ്‍ കൊടുക്കുന്നതല്ല, സാമ്പിള്‍ ഇവിടെ വയ്ക്കുക, റിസള്‍ട്ടിന് രാവിലെ 7 മണിക്ക് വരേണ്ടതാണ് " എന്നുളള ഒരു ബോര്‍ഡ് മാത്രമാണ് കാണാന്‍ സാധിക്കുക.


അടിയന്തിരമായിട്ടുളള ആവശ്യങ്ങള്‍ക്ക് പോലും  രാത്രി വൈകി എത്തുന്ന രോഗികള്‍ക്ക് ഇത്തരത്തിലുളള അനുഭവമാണ് അധികാരികളില്‍ നിന്നും ഉണ്ടാവുന്നത്. സാമ്പിൾ കൊണ്ട് വരുമ്പോള്‍ അത് ഉത്തരവാദിത്വത്തോടെ വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും ആളില്ലാത്ത സാഹചര്യമാണുളളത്. 


കഴിഞ്ഞ ദിവസം രാത്രി അത്യാവശ്യമായി സാമ്പിള്‍ നല്‍കാന്‍ ചെന്ന രോഗിയുടെ ബന്ധുവിന് സാമ്പിള്‍ അവിടെ വെച്ചിട്ട് പോരേണ്ട ഗതി ഉണ്ടാവുകയും തുടര്‍ന്ന് രാവിലെ പരിശോധന ഫലം വാങ്ങാന്‍ ചെന്നപ്പോള്‍ ജീവനക്കാരനുമായി ഇതിനെച്ചൊല്ലി വാക്ക് തര്‍ക്കം ഉണ്ടാവുകയും എല്ലാവരേയും പുറത്താക്കുകയും ചെയ്തിരുന്നു. വളരെ മോശമായ രീതിയില്‍ ലാബ് ജീവനക്കാരന്‍ പെരുമാറുന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും കാണാം.


എന്നാല്‍, രാത്രിയില്‍ ഒരു ജൂനിയര്‍ ലാബ് അസ്സിസ്റ്റന്‍റും ഒരു ടെക്നീഷ്യനും മാത്രമേ ലാബില്‍ ഉള്ളൂ എന്നും അതിനാല്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്‍റിന് ടെക്നീഷ്യനെ സഹായിക്കാന്‍ പോകേണ്ടി വരുമെന്നും ലാബിലെ ഡോക്ടര്‍ അരുണ്‍ പറഞ്ഞു. രാത്രി വരുന്ന ആളുകള്‍ കൌണ്ടറില്‍ ആളെ കാണാത്തപ്പോള്‍ ഗ്രില്ലില്‍ അടിക്കുകയും ഗ്രില്ല് ഇളകി പോകുകയും ചെയ്യുന്നതിനാലാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്. രാത്രി ആളില്ലാത്തതിനാല്‍ ടോക്കണ്‍ നല്‍കാന്‍ കഴിയില്ല. രണ്ട് പേര്‍ വീതം  ജൂനിയര്‍ ലാബ് അസിസ്റ്റന്‍റുമാരും  ടെക്നീഷ്യന്മാരും എങ്കിലും ലാബില്‍ ഉണ്ടാവണം. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ രാത്രി 1 മണിക്ക് സാമ്പിള്‍ സ്വീകരിച്ചെന്നും 2 മണിക്ക് റിസള്‍ട്ട് നല്‍കുകയും ചെയ്തു. കൌണ്ടറില്‍ ആളില്ലെങ്കിലും സാമ്പിളുകള്‍ തമ്മില്‍ മാറില്ല. ലേബലുമായി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടേ ടെസ്റ്റ് ചെയ്യൂ എന്നും ഡോക്ടര്‍ അരുണ്‍ കൂട്ടിച്ചേര്‍ത്തു.

     





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K