09 January, 2019 12:14:46 PM


തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് തല്ലിതകര്‍ത്തു; അക്രമികള്‍ സർക്കാർ ജീവനക്കാർ തന്നെ



തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ അക്രമം. സമരാനുകൂലികൾ ഓഫീസ് അടിച്ചു തകർത്തു. സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമത്തിന് പിന്നില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയെന്ന് പിന്നീട് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. രജിസ്ട്രേഷൻ - ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്കിൽ ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. 


എസ്ബിഐ ശാഖയിലെ ജീവനക്കാരനും എട്ടംഗ സംഘത്തില്‍ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബ്രാഞ്ചിലായിരുന്നു സമരക്കാരുടെ അക്രമം. മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകർത്തു. കന്‍റോൺമെന്‍റ് പൊലീസിന് മാനേജർ പരാതി നൽകിയിട്ടുണ്ട്. പ്രകോപനമില്ലാതെയാണ് സമരക്കാർ ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജർ പറഞ്ഞു. ജീവനക്കാരെ സമരാനുകൂലികൾ ഭീഷണിപ്പെടുത്തിയെന്നും മാനേജർ പ്രതികരിച്ചു. പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്ബിഐ ബ്രാഞ്ചുകൾ പലതും പ്രവ‍ർത്തിക്കുന്നുണ്ടായിരുന്നു.


ഇന്ന് രാവിലെ പത്തരയോടെ ഒരു സംഘമാളുകൾ ബ്രാ‍ഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ വ്യക്തമാക്കി. തുടർന്ന് കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകാനൊരുങ്ങിയ സമരക്കാരെ സെക്യൂരിറ്റി ജീവനക്കാർ തട‌ഞ്ഞതോടെ സംഘർഷമായി. മുകളിലത്തെ നിലയിലെത്തിയ സമരക്കാർ ബ്രാഞ്ച് അടിച്ചു തകർത്തു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പറഞ്ഞാൽ ബാങ്ക് അടച്ചിടാനാകില്ലേ - എന്ന് ആക്രോശിച്ച് മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു അക്രമികൾ.


പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്നാണ് ബാങ്ക് മാനേജർ വ്യക്തമാക്കിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാർ ആക്രമണം തുടങ്ങിയതെന്നും മാനേജർ പറയുന്നു. ബാങ്കിൽ എത്തിയ ജീവനക്കാരെ സമരക്കാർ ഭീഷണിപ്പെടുത്തി. നിങ്ങൾക്ക് അഹങ്കാരമാണോ? പ്രത്യേകിച്ച് ഇനി നിങ്ങളോട് പറയണോ ബാങ്ക് അടച്ചിടാൻ എന്ന് ആക്രോശിക്കുകയും, ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് ജീവനക്കാരും വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K