07 January, 2019 01:02:27 AM
പാറശാല മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഇനി സമ്പൂര്‍ണ ഹൈടെക് വിദ്യാഭ്യാസം
![](http://www.kairalynews.com/uploads/page_content_images/kairaly_news_15468031470.jpeg)
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പാറശാല നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കുമെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. അറിയിച്ചു. ഇതിന്റെ ഭാഗമായി പാറശാല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മൂന്ന് കോടി രൂപയുടേയും ധനുവച്ചപുരം ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, മൈലച്ചല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കീഴാറൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആനാവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.
വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം വിദ്യാഭ്യാസ ഗുണനിലവാരവും ഉറപ്പുവരുത്തുന്ന ഒരു സമ്പൂര്‍ണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളെല്ലാം തന്നെ ഇതിനോടകം ഹൈടെക്കായി കഴിഞ്ഞു. മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയില്‍ മാത്രം 50 കോടി രൂപ ചെലവഴിച്ചു. സമ്പൂര്‍ണ ഹൈടെക് വിദ്യാഭ്യാസകേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നുവരുന്നതായും എം.എല്‍.എ അറിയിച്ചു.