26 January, 2016 12:49:27 AM
അക്ഷരനഗരിയിൽ സ്‌ത്രീകള്‍ക്കു സുരക്ഷിതയാത്ര ഒരുക്കി ഷീ ഓട്ടോ ഓടിത്തുടങ്ങി
കോട്ടയം : അക്ഷരനഗരിയിൽ ഇനി സ്‌ത്രീകള്‍ക്കു സുരക്ഷിതയാത്ര. സ്‌ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെയും സുരക്ഷിതമായും യാത്രചെയ്യാന്‍ സൗകര്യമൊരുക്കി ഷീ ഓട്ടോ കോട്ടയത്തും ഓടിത്തുടങ്ങി. ഷീ ഓട്ടോയുടെ ഫ്‌ളാഗ് ഓഫ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിര്‍വഹിച്ചു. യാത്രാവേളകളിലെ സ്‌ത്രീസുരക്ഷയും സംസ്‌കാരവും ഒരുമിച്ച് വളര്‍ത്തുന്നതിന് ഷീ ഓട്ടോകള്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാത്രിയില്‍ നഗരത്തില്‍ എത്തുന്ന സ്‌ത്രീകള്‍ക്ക് സുരക്ഷിതമായി ഓട്ടോയില്‍ ലക്ഷ്യസ്‌ഥാനത്ത് എത്താന്‍ കഴിയണം. അതിനാല്‍ ഒട്ടോ ഡ്രൈവിങ് ഉപജീവന മാര്‍ഗമായി കണ്ട് ഈരംഗത്തേക്ക് സ്‌ത്രീകള്‍ കൂടുതലായി കടന്നുവരണം.
സ്‌ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന ജില്ലാ പോലീസിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകും. പദ്ധതിയുമായി സഹകരിക്കാന്‍ നഗരത്തിലെ 170 ഓട്ടോകളാണ് മുന്നോട്ടുവന്നിട്ടുള്ളത്. സാക്ഷരതയും സംസ്‌കാരവും ഒരുമിച്ചുകൊണ്ടുപോകുന്നതിനും സ്‌ത്രീ ശാക്‌തീകരണം യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷീ ഓട്ടോകള്‍ക്കുള്ള പ്രത്യേക സ്‌റ്റികറുകള്‍ മന്ത്രി പതിപ്പിച്ചു. നഗരസഭ അധ്യക്ഷ ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പോലീസ് ചീഫ് എസ്. സതീഷ് ബിനോ, ഡിവൈ.എസ്.പിമാരായ എസ്. സുരേഷ്‌കുമാര്‍, കെ.എച്ച്. മുഹമ്മദ് കബീര്‍ റാവുത്തര്‍, എ.എം.വി.ഐ സുരേഷ് കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഷീ ഓട്ടോ നിലവിൽ വരുന്നതിനു വളരെ മുൻപേ ജില്ലയുടെ പല ഭാഗങ്ങളിലും സ്ത്രീകൾ ഓട്ടോ ഡ്രൈവർ മാരായി ജോലി ചെയ്യുന്നുണ്ട്. പോലീസിന്റെ പ്രത്യേക പരിശീലനം സിദ്ധിച്ച വിവിധ സ്‌റ്റാന്‍ഡുകളിലെ 200 ഓളം ഡ്രൈവര്‍മാരാണ് ഷീഓട്ടോ ഓടിക്കുന്നത്. നേരത്തെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാതെ മാന്യമായി യാത്രക്കാരോട് പെരുമാറുന്നവരെയാണ് ഇതിനായി പോലീസ് കണ്ടത്തെിയിരിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ചും സ്‌ത്രീകളോട് പെരുമാറുന്ന രീതിയും പരിശീലനത്തിന്റെ ഭാഗമാക്കിയിരുന്നു. അടിയന്തരസാഹചര്യത്തില്‍ പോലീസിനെയും മറ്റ് അധികൃതരെയും ബന്ധപ്പെടുന്നതിന് ഫോണ്‍നമ്പരും ഓട്ടോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പദ്ധതി വിജയിച്ചാല്‍ ജില്ലയിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണു പോലീസ് തീരുമാനം.