25 January, 2016 02:17:32 PM
ചീമേനിയിലെ മെഗാ ഐ ടി പാര്‍ക്ക് പദ്ധതി ഉപേക്ഷിച്ചതായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
കാസര്‍ഗോഡ് : ചീമേനിയില്‍ പ്രഖ്യാപിച്ചിരുന്ന മെഗാ ഐ ടി പാര്‍ക്ക് പദ്ധതി ഉപേക്ഷിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കേരള യാത്രയുടെ ഭാഗമായി കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പിന് കീഴില്‍ 2000 ഏക്കറോളം സ്ഥലമുള്ള ചീമേനിയില്‍ വലിയൊരു പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്‍ എന്‍ ജി റിഫൈനറി കം പവര്‍ പ്രോജക്ടാണ് അവിടെ ഉദ്ദേശിക്കുന്നത്. ഗെയില്‍പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അവിടെ ഏറ്റവും നല്ല പ്രൊജക്ടുകൊണ്ടുവരാന്‍ കഴിയും.
ചീമേനിയില്‍ തുടങ്ങാനിരുന്ന മെഗാ ഐ ടി പാര്‍ക്കിന് പകരം കാസര്‍കോട് കിന്‍ഫ്രയില്‍ റൂറല്‍ ഐ ടി പാര്‍ക്ക് തുടങ്ങാനുള്ള പദ്ധതി തയ്യാറായി വരികയാണ്. ആസ്ട്രല്‍ വാച്ചസിലും ഐ ടി പാര്‍ക്ക് തുടങ്ങാന്‍ ആലോചനയുണ്ടായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് ഇവിടെയും പദ്ധതി തുടങ്ങാന്‍ കഴിയാതിരുന്നത്. ഉദുമ സ്പിന്നിംഗ് മില്‍ തുടങ്ങുന്നതില്‍ വലിയ മുന്നൊരുക്കങ്ങളൊന്നും നടന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദുമ സ്പിന്നിംഗ് മില്ലിനെതിരെ വിജിലന്‍സ് കേസ് നിലവിലുണ്ടായിരുന്നതുകൊണ്ടും ഫയല്‍ മുഴുവന്‍ അവരുടെ കയ്യില്‍ ആയിരുന്നതുകൊണ്ടുമാണ് പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കാതിരുന്നത്. ഉദുമ സ്പിന്നിംഗ് മില്ലിന്റെ കടംമുഴുവന്‍ കൊടുത്തുതീര്‍ത്തു. ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനം മുന്നോട്ടാണ്. എത്രയുംവേഗം സ്പിന്നിംഗ് മില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിന്തളത്ത് ക്ലേ ആന്‍ഡ് സിറാമിക്‌സ് പദ്ധതിക്കെതിരെ ജനങ്ങളില്‍നിന്നും പ്രക്ഷോഭം ഉയര്‍ന്നതിനാല്‍ അവിടെ പദ്ധതി തുടങ്ങാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലും റോഡിന്റെ കാര്യത്തിലും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ എല്‍ ഡി എഫിനെക്കാള്‍ ഏറ്റവും കൂടുതല്‍ വികസനംകൊണ്ടുവന്നത് യു ഡി എഫ് ഗവണ്‍മെന്റാണെന്ന് മനസിലാക്കാം.. എല്‍ ഡി എഫ് ഭരണത്തിലുണ്ടായിരുന്നപ്പോഴെല്ലാം കേരളത്തില്‍ വികസനത്തിന് പകരം അക്രമ പ്രവര്‍ത്തനങ്ങളാണ് നടന്നത്. യു ഡി എഫ് ഗവണ്‍മെന്റ് സുപ്രധാനമായ ഒട്ടേറ പദ്ധതികളാണ് നടപ്പില്‍വരുത്തി. വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികളെല്ലാം യു ഡി എഫിന്റെ സംഭാവനയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടി.