04 May, 2017 12:45:11 AM


എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി



തിരുവനന്തപുരം: കേരളത്തിലെ എംപ്ലോയ്‌മെന്‍റ്  എക്‌സ്‌ചേഞ്ചുകള്‍ ഇ- എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളായി മാറുന്നു. എംപ്ലോയ്‌മെന്‍റ്  എക്‌സ്‌ചേഞ്ചില്‍ പേരു ചേര്‍ക്കാനോ രജിസ്‌ട്രേഷന്‍ പുതുക്കാനോ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കാനോ ഇനി ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്‍റ്  എക്‌സ്‌ചേഞ്ചുകളില്‍ പോകേണ്ടതില്ല. ഇതിനായുള്ള www.employment.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ഉദ്ഘാടനം തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. 


രജിസ്‌ട്രേഷന്‍ പുതുക്കല്‍, തൊഴിലവസരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാം ഇനി എസ്എംഎസ് ആയി ലഭിക്കും സംസ്ഥാനത്താകെയുള്ള 84 ഓഫീസുകളും രജിസ്റ്റര്‍ ചെയ്ത 35 ലക്ഷത്തില്‍പരം ഉദ്യോഗാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞതായി മന്ത്രി അറിയിച്ചു. വെബ്‌സൈറ്റ് മുഖേന എംപ്ലോയ്‌മെന്റ് വകുപ്പിന്‍റെ  ഇ- സേവനങ്ങളെല്ലാം പ്രയോജനപ്പെടുത്താം. ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം അത്യാവശ്യം വേണ്ട സേവനങ്ങള്‍ മൊബൈല്‍ വഴി നല്‍കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്.


രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും രജിസ്‌ട്രേഷന്‍ പുതുക്കേണ്ട തിയതിയും മറ്റു വിവരങ്ങളും എസ്എംഎസ് വഴി ലഭിക്കും. സര്‍ക്കാര്‍മേഖലയിലെ തൊഴിലവസരങ്ങള്‍ക്കു പുറമേ, സ്വകാര്യമേഖലയിലെ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും ഇ-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കാലതാമസമില്ലാതെ ഉദ്യോഗാര്‍ത്ഥികളിലെത്തിക്കാന്‍ കഴിയും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ എളുപ്പം അറിയാനാവുമെന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം സുതാര്യമാവുമെന്നും മന്ത്രി പറഞ്ഞു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ആണ് ഇതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K