23 January, 2016 12:30:10 AM
പോലീസ് സേനയില്‍ 350 പുതിയ വനിതാ കോണ്‍സ്റ്റബിള്‍ തസ്തികകള്‍ കൂടി
തിരുവനന്തപുരം : പോലീസ് സേനയില്‍ പുതുതായി 350 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പോലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം പത്ത് ശതമാനമാക്കി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായാണ് പുതുതായി 350 തസ്തികകള്‍ അനുവദിക്കുന്നത്.
നിലവില്‍ 5.7 ശതാമനമാണ് സേനയിലെ വനിതാ പ്രാതിനിധ്യം. 350 അധിക തസ്തികകള്‍ കൂടി അനുവദിക്കുന്നതോടെ സേനയിലെ വനിതാ പ്രാതിനിധം ഒരു ശതമാനം അധികമായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അധിക തസ്തിക അനുവദിക്കപ്പെടുന്നതോടെ നിലവിലുള്ള വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് മുമ്പ് തന്നെ ലിസ്റ്റില്‍ അവശേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കും.
നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ വര്‍ഷം മേയില്‍ അവസാനിക്കുന്നുവെന്നതിനാലും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും പ്രായപരിധി കഴിയുമെന്നതുകൊണ്ടും എത്രയും വേഗം നിയമനം നല്‍കണമെന്ന് വനിതാ പോലീസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ തസ്തിക അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്