22 January, 2016 09:53:18 PM
കുട്ടി പെണ്ണാണെങ്കില്‍ പ്രസവചെലവ് സൗജന്യം ; ദയാവതി ആശുപത്രി ശ്രദ്ധേയമാകുന്നു
മീററ്റ് : പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്ന അമ്മമാരുടെ പ്രസവച്ചെലവുകള്‍ തികച്ചും സൗജന്യമാക്കിയിരിക്കുകയാണ് മീററ്റിലെ ദയാവതി ആസ്പത്രി ജീവനക്കാര്‍. ആണ്‍-പെണ്‍ ലിംഗാനുപാതത്തിലെ അന്തരം കുറക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് പുതിയ പദ്ധതികള്‍ ഒരുക്കിയിരിക്കുന്നതിന്‍റെ ഭാഗമായാണ് ആസ്പത്രി ജീവനക്കാര്‍ ഈ സേവനം ചെയ്യുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന ദിവസങ്ങളില്‍ മാത്രമാണ് ഈ സൗജന്യം ലഭ്യമാക്കുക. നിലവില്‍ എല്ലാ വെള്ളിയാഴ്ചയുമാണ് ഈ സൗജന്യം അനുവദിക്കുന്നത്. ആസ്പത്രിയുടെ ഡയറക്ടര്‍ ഡോ.പ്രമോദ് ബലിയന്‍ ആണ് എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ സൗജന്യമായി പ്രസവം എടുക്കുന്നത്. ഇതിനായുള്ള മറ്റ് ചെലവുകള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് നിര്‍വഹിക്കുകയാണ് ഡോ.പ്രമോദ്. പ്രസവച്ചെലവുകള്‍ സൗജന്യമായിരിക്കുമെങ്കിലും മരുന്നിന് പണം അടക്കേണ്ടി വരും. സാധാരണ 5000 മുതല്‍ 8000 രൂപ വരെയാണ് സാധാരണ ഗതിയില്‍ പ്രസവത്തിന് ഇവിടെ ചെലവ് വരാറുള്ളത്.
വളരെക്കാലമായി പെണ്‍കുട്ടിള്‍ക്ക് ഗുണകരമാകുന്ന എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും പ്രധാനമന്ത്രിയുടെ ബേഠി ബചാവോ ബേഠി പഠാവോ എന്ന പദ്ധതിയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്റെ ആസ്പത്രിയില്‍ പെണ്‍കുട്ടികള്‍ക്കായി ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും ഡോക്ടര്‍ പറയുന്നു.